കള്ളപ്പണം സംബന്ധിച്ച എന്‍ഫോഴ്‌സ്‌മെന്റ് റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ മനസമാധാനം നഷ്ടപ്പെടുമെന്ന സുപ്രീം കോടതി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണറിപ്പോര്‍ട്ട് പരിശോധിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

വിദേശത്തെ കള്ളപ്പണത്തിന്റെ ഉറവിടം അന്വേഷണ ഏജന്‍സികള്‍ കണ്ടെത്താത്തതില്‍ സുപ്രീംകോടതി നിരാശ പ്രകടിപ്പിച്ചു. കള്ളപ്പണത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും അത് രാജ്യസുരക്ഷയ്ക്കുണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചു അറിയിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശം നല്‍കി.

അതേസമയം അന്വേഷണ ഉദ്യോഗസ്ഥരുടെ ജീവന് ഭീഷണിയുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ അറിയിച്ചു.

രാജ്യത്ത് നടക്കുന്നതെന്തെന്ന് ജനങ്ങള്‍ അറിയട്ടെ

വിദേശത്ത് നികുതിയില്ലാപ്പണം നിക്ഷേപിച്ചവരുടെ പേരുവിവരങ്ങള്‍ എന്തിനാണ് മറച്ചുവെക്കുന്നതെന്ന് സുപ്രീംകോടതി ചോദിച്ചു. ഇതൊക്കെ കാണുമ്പോള്‍ നിശബ്ദമായിരിക്കാന്‍ സാധിക്കുന്നില്ല.

രാജ്യത്ത് നടക്കുന്നതെന്ന് എന്താണെന്ന് ജനങ്ങള്‍ അറിയട്ടെ. എല്ലാം കേട്ടുകഴിഞ്ഞാല്‍ ആര്‍ക്കും മനസ്സമാധാനത്തോടെ ജീവിക്കാന്‍ സാധിക്കില്ല. കള്ളപ്പണത്തിന്റെ ഉറവിടവും അത് രാജ്യസുരക്ഷയ്ക്കുണ്ടാക്കുന്ന വെല്ലുവിളിയെക്കുറിച്ചും പൂര്‍ണമായ വിവരങ്ങള്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

കേന്ദ്ര സര്‍ക്കാറിനെതിരെ കോടതി

കള്ളപ്പണം സംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ നിലപാടിന് ശക്തമായ തിരിച്ചടിയാണ് കോടതി പരാമര്‍ശം. കള്ളപ്പണ നിക്ഷേപമുള്ളവരുടെ പേര് വിവരം പുറത്ത് വിടാന്‍ കഴിയില്ലെന്നായിരുന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. കേസ് അന്വേഷണം പൂനെയിലെ ഹസ്സന്‍ അലിഖാനില്‍ മാത്രം പരിമിതപ്പെടുത്തിയതിലും മറ്റുള്ളവര്‍ക്കെതിരെ നടപടിയൊന്നുമെടുക്കാത്തതിലും കോടതി അതൃപ്തി രേഖപ്പെടുത്തി. ‘ ഇതെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വരുന്നില്ല, ഒരു വ്യക്തി മാത്രമാണ് ഇപ്പോള്‍ ചിത്രത്തിലുള്ളത്. മറ്റുള്ളവര്‍ക്ക് എന്ത് സംഭവിച്ചു’ -ജസ്റ്റിസുമാരായ ബി സുദര്‍ശന്‍, എസ്.എസ് നിജ്ജാര്‍ എന്നിവര്‍ സോളിസ്റ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യത്തിനോട് ചോദിച്ചു.

‘ ഈ റിപ്പോര്‍ട്ട് വായിക്കുന്ന ആര്‍ക്കും പിന്നെ ശാന്തരായി ഇരിക്കാനാവില്ല. 2008 മുതല്‍ ഇവിടത്തെ മുതല്‍ രാജ്യത്തെ അന്വേഷണ ഏജന്‍സകള്‍ക്ക് എങ്ങിനെ ഇങ്ങിനെ ഉറങ്ങാന്‍ കഴിയുന്നു?- കോടതി ചോദിച്ചു.