എഡിറ്റര്‍
എഡിറ്റര്‍
ടു ജി സ്‌പെക്ട്രം ലേലത്തിനുള്ള സമയപരിധി ജനുവരി 11 വരെ നീട്ടി
എഡിറ്റര്‍
Monday 27th August 2012 4:28pm

ന്യൂദല്‍ഹി: ടു ജി സ്‌പെക്ട്രം പുനര്‍ലേലം ചെയ്യുന്നതിനുള്ള സമയപരിധി സുപ്രീംകോടതി 2013 ജനുവരി 11വരെ നീട്ടി. ജസ്റ്റിസ് ജി.എസ് സിങ്‌വി, കെ.എസ് രാധാകൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

സ്‌പെക്ട്രം ഇടപാടിലെ അഴിമതിയെ തുടര്‍ന്ന് ഈ വര്‍ഷം ഫെബ്രുവരിയില്‍ 122 സ്‌പെക്ട്രം ലൈസന്‍സുകള്‍ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്ന് പുനര്‍ലേലം നടത്താന്‍ ഉത്തരവിട്ട സുപ്രീകോടതി ജൂണ്‍ 2 വരെ സമയം അനുവദിച്ചിരുന്നു. ഇത് പിന്നീട് ആഗസ്റ്റ് 31 വരെ നീട്ടി.

Ads By Google

കോടതി നിര്‍ദ്ദേശിച്ച സമയപരിധിക്കുള്ളില്‍ പുനര്‍ലേലം പൂര്‍ത്തിയാക്കുമെന്ന് ചൂണ്ടിക്കാട്ടി സത്യവാങ്മൂലം സമര്‍പ്പിക്കാനും കേന്ദ്ര ടെലികോം സെക്രട്ടറിക്ക് കോടതി നിര്‍ദേശം നല്‍കി. ലേലവുമായി ബന്ധപ്പെട്ട് സെക്രട്ടറി റാങ്കില്‍ താഴെയുള്ള ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ പരിഗണിക്കരുതെന്നും കോടതി പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ലേല നടപടികള്‍ ആരംഭിക്കാന്‍ നവംബര്‍ 12 വരെ സമയം അനുവദിക്കണമെന്നാണ് ടെലികോം മന്ത്രാലയം സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടത്. പിന്നീട് ലൈസന്‍സും സ്‌പെക്ട്രവും അനുവദിക്കാന്‍ മറ്റൊരു 40 ദിവസം കൂടി സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു.

സ്‌പെക്ട്രം വിതരണത്തില്‍ 1.76 ലക്ഷം കോടിയുടെ അഴിമതി നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് സുപ്രീംകോടതി ലൈസന്‍സ് റദ്ദാക്കിയത്.

Advertisement