ന്യൂദല്‍ഹി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ജാമ്യാപേക്ഷ തള്ളി. സുപ്രീം കോടതിയാണ് അപേക്ഷ തള്ളിയത്. അനധികൃത സമ്പാദന കേസിനാണ് റെഡ്ഡി ജാമ്യാപേക്ഷ നല്‍കിയത്.

Ads By Google

Subscribe Us:

ജാമ്യാപേക്ഷ ആന്ധ്രാപ്രദേശ് ഹൈക്കോടതി നിരസിച്ചതിനെ തുടര്‍ന്ന് ജഗന്‍മോഹന്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കേസില്‍ മെയ് 27 നാണ് ജഗന്‍മോഹന്‍ റെഡ്ഡിയെ സി.ബി.ഐ അറസ്റ്റ് ചെയ്യുന്നത്.

ജസ്റ്റിസ് അഫ്താബ് ആലം, രഞ്ജന ദേശായി എന്നിവരടങ്ങിയ ബഞ്ചാണ് ജഗന്റെ ജാമ്യഹര്‍ജി തള്ളിയത്. ജഗനെതിരായ കേസ് അതീവ ഗൗരവമുള്ളതാണെന്ന് കോടതി വ്യക്തമാക്കി.

ജഗന്‍മോഹന്‍ റെഡ്ഡിയ്ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യമാണ് ഹാജരായത്. അതേസമയം 2013 മാര്‍ച്ച് 31 നകം കേസില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സി.ബി.ഐ കോടതിയില്‍ വ്യക്തമാക്കി.

3000 കോടിയുടെ സാമ്പത്തിക ഇടപാടുകള്‍ ജഗന്റെ കമ്പനി മുഖാന്തരം നടന്നിട്ടുണ്ടെന്നാണ് സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാശരന്‍ അറിയിച്ചത്. ഏഴ് കേസുകള്‍ പുതിയതായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

മാത്രമല്ല, ജഗന്‍ മോഹനെ ഇപ്പോള്‍ പുറത്തുവിട്ടാല്‍ പ്രതിയുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച്‌ കേസിനെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കപ്പെടാനും കാരണമാകുമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ജാമ്യം ലഭിക്കുക എന്നത് പ്രതിയുടെ അവകാശമാണെന്ന് ഗോപാല്‍ സുബ്രഹ്മണ്യം വാദിച്ചു. ഇതെല്ലാം കേട്ട ശേഷമാണ് ജാമ്യം ഇപ്പോള്‍ നല്‍കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്.

.