ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്‌ന പരിഹാരത്തിനായി നിയോഗിച്ച ഉന്നതാധികാര സമിതിയുമായി കേരളവും തമിഴ്‌നാടും സഹകരിക്കുന്നില്ലെന്ന് സുപ്രീംകോടതി വിമര്‍ശനം. ഇക്കാര്യത്തില്‍ കോടതിക്ക് അതൃപ്തിയുണ്ടെന്നും ഭരണഘടനാ ബെഞ്ചിന് നേതൃത്വം നല്‍കുന്ന ജസ്റ്റിസ് ഡി.കെ. ജയിന്‍ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും അഭിഭാഷകരോട് പറഞ്ഞു.

കേരളത്തിന്റെയും തമിഴ്‌നാടിന്റെയും നിസ്സഹകരണത്തെ തുടര്‍ന്ന് ഉന്നതാധികാര സമിതിക്ക് സുപ്രീംകോടതി വീണ്ടും കാലാവധി നീട്ടിക്കൊടുത്തു. സമിതി കാലാവധി ഇതിനകം നാലു തവണ നീട്ടിക്കൊടുത്തതാണ്. വീണ്ടും കാലാവധി നീട്ടിക്കൊടുക്കേണ്ടി വന്നിരിക്കുന്നു. ഇനിയെങ്കിലും സമിതിയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കണമെന്നും നിശ്ചയിച്ച സമയപരിധിക്കകം പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള സാഹചര്യമൊരുക്കണമെന്നും കോടതി കേരളത്തോടും തമിഴ്‌നാടിനോടും നിര്‍ദേശിച്ചു. ഏപ്രില്‍ 30 വരെയാണ് ഉന്നതാധികാര സമിതിയുടെ കാലാവധി നീട്ടിയിരിക്കുന്നത്.

എന്നാല്‍, ഉന്നതാധികാര സമിതിയോട് തങ്ങള്‍ പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്ന് കേരളത്തിന്റെയും തമിഴ്‌നാടിന്റെയും അഭിഭാഷകര്‍ ബോധിപ്പിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. സമിതി യോഗങ്ങളില്‍ പങ്കെടുക്കുന്നതും പരിശോധനക്ക് സുരക്ഷ ഏര്‍പ്പാടാക്കുന്നതും മാത്രമല്ല സഹകരണമെന്ന് കോടതി കേരളത്തെയും തമിഴ് നാടിനെയും ഓര്‍മിപ്പിച്ചു. അണക്കെട്ട് തുരന്നുള്ള പരിശോധന മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാക്കിയാല്‍ ഏപ്രില്‍ അവസാനത്തോടെ റിപ്പോര്‍ട്ട്  സമര്‍പ്പിക്കാമെന്നാണ് ഉന്നതാധികാര സമിതി പറയുന്നതെന്ന് ബെഞ്ച് വ്യക്തമാക്കി.

ഈ കേസില്‍ നേരത്തെയും തമിഴ്‌നാടും കേരളവും സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനത്തിനിരയായിരുന്നു.

Malayalam news

Kerala news in English