ന്യൂദല്‍ഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് രാജ്യത്തെ ജയിലുകളില്‍ കഴിയുന്നവരുടെ ദയാഹര്‍ജികളെ കുറിച്ചുള്ള വിവരം മൂന്ന് ദിവസത്തിനകം സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും സുപ്രീംകോടതി നിര്‍ദ്ദേശം. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ ദയാഹരജി സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടെങ്കില്‍ അത് സംബന്ധിച്ച വിവരങ്ങളും നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ദയാഹരജിയിന്മേല്‍ തീരുമാനം എടുക്കാന്‍ വൈകുന്നത് എന്തുകൊണ്ടാണെന്ന കാരണം  വ്യക്തമാക്കാനും ജസ്റ്റീസുമാരായ ജി.എസ്.സിംഗ്‌വി, എസ്.ജെ.മുഖോപാദ്ധ്യായ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു. ദയാഹര്‍ജികളില്‍ തീരുമാനം കൈക്കൊള്ളാന്‍ എട്ടു മുതല്‍ 11 വര്‍ഷം വരെ കാലതാമസം വരുന്നതായും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.

സംസ്ഥാനങ്ങളിലെ ജയിലുകളില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ പട്ടിക കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടില്ലെങ്കില്‍ അത് സ്വന്തം ഉത്തരവാദിത്വത്തില്‍ ചെയ്തു തീര്‍ക്കാനും കോടതി നിര്‍ദ്ദേശിച്ചു.

1993ല്‍  റെയ്‌സാന റോഡില്‍ യൂത്ത് കോണ്‍ഗ്രസ് ഓഫീസിന് പുറത്ത് നടന്ന സ്‌ഫോടന കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പഞ്ചാബ് തീവ്രവാദി ദേവീന്ദര്‍ പാല്‍ സിംഗ് ഭുല്ലറിന്റെ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. താന്‍ നല്‍കിയ ദയാഹരജിയില്‍ തീരുമാനം കൈക്കൊള്ളുന്നതിന് അസാധാരണമായ കാലതാമസം ഉണ്ടായതിനാലും തനിക്ക് മാനസിക പ്രശ്‌നങ്ങളുള്ളതിനാലും വധശിക്ഷ ജീവപര്യന്തമാക്കണമെന്നാണ് അദ്ദേഹത്തിന്റെ ഹരജിയില്‍ ആവശ്യപ്പെടുന്നത്.

Malayalam News

Kerala News In English