മുംബൈ: മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഐ.ഡി.ബി.ഐ ബാങ്കും സേവിങ്‌സ് ബാങ്ക് (എസ്ബി) പലിശ നിരക്കുകളില്‍ വര്‍ധനവ് വരുത്തിയേക്കുമെന്ന് സൂചന. ഒന്ന്-ഒന്നേകാല്‍ ശതമാനം പലിശ ഉയര്‍ത്താനാവുമെന്നു പ്രതീക്ഷിക്കുന്നതായി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍മാന്‍ പ്രദീപ് ചൗധരി പറഞ്ഞു. സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളുടെ പലിശ നിരക്കിന്മേലുള്ള നിയന്ത്രണം റിസര്‍വ് ബാങ്ക് എടുത്തുകളഞ്ഞതോടെയാണു ബാങ്കുകള്‍ക്കു നിരക്കുവര്‍ധന ആലോചിക്കേണ്ടി വന്നത്.

പലിശ നിര്‍ണയിക്കാന്‍ ബാങ്കുകള്‍ക്ക് അധികാരം നല്‍കി കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അടുത്ത് തന്നെ ചേരുന്ന് അസെറ്റ് ലയബിലിറ്റി് കമ്മിറ്റിയില്‍ ഇക്കാര്യത്തെ സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് ബാങ്ക് മാനേജിങ് ഡയറക്ടര്‍ കൃഷ്ണകുമാര്‍ പറഞ്ഞു. മറ്റൊരു പൊതുമേഖലാ ബാങ്കായ ഐ.ഡി.ബി.ഐ ബാങ്കും നിരക്ക് വര്‍ധനവ് വരുത്താനുള്ള ആലോചനയിലാണ്.

Subscribe Us:

മറ്റ് ബാങ്കുകളുടെ നീക്കം നിരീക്ഷിച്ചതിന് ശേഷം വൈകാതെ ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്ന് ബാങ്ക് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ആര്‍.കെ ബന്‍സാള്‍ പറഞ്ഞു. സ്വകാര്യ മേഖലാ ബാങ്കായ യെസ് ബാങ്ക് കഴിഞ്ഞ ദിവസം പലിശ നിരക്കില്‍ രണ്ട് ശതമാനം വര്‍ധനവ് പ്രഖ്യാപിച്ചിരുന്നു. ബാങ്കിന്റെ സേവിങ്‌സ് ബാങ്ക് നിക്ഷേപങ്ങളുടെ പലിശ ഇതോടെ ആറ് ശതമാനമായി.