മുംബൈ: നേരത്തെ ഉയര്‍ന്ന പലിശക്ക് ഭവന വായ്പയെടുത്ത ഉപഭോക്താക്കള്‍ക്കും വായ്പകള്‍ കുറഞ്ഞ പലിശയിലേക്ക് മാറ്റാന്‍ പൊതു മേഖലാ ബാങ്കായ എസ്.ബി.ഐ അവസരം നല്‍കുന്നു. ബാങ്കിന്റെ പ്രൈം ലെന്റിങ് റേറ്റ് (പി.എല്‍.ആര്‍) ബന്ധപ്പെടുത്തിയിരിക്കുന്ന വായ്പകള്‍ക്ക് ഈ തീരുമാനം ഏറെ ഗുണകരമാകുമെന്നാണ് കരുതുന്നത്.

14.75% നിലവിലെ പ്രൈം ലെന്റിങ് റേറ്റ്. ഇത് ബാങ്കിന്റെ അടിസ്ഥാന വായ്പാ നിരക്കുമായി ബന്ധപ്പെടുത്തുന്ന വായ്പയാക്കി മാറ്റാനാണ് കഴിയുക. നിലവില്‍ ഈ നിരക്ക് 10 ശതമാനമാണ്.

നിരവധി ഉപഭോക്താക്കള്‍ക്ക് ഇത് ഗുണകരമാകുമെന്നാണ് കരുതുന്നത്. എന്നാല്‍ പുതിയ നിരക്കിലേക്ക് വായ്പ മാറ്റാന്‍ തിരിച്ചടക്കാന്‍ ബാക്കിയുള്ള വായ്പയുടെ ഒരു ശതമാനം ഫീസ് നല്‍കേണ്ടിവരുമെന്ന് ബാങ്ക് വൃത്തങ്ങള്‍ വ്യക്തമാക്കി.

ഫ്‌ളോട്ടിങ് നിരക്കില്‍ 30 ലക്ഷം രൂപ വരെയുള്ള ഭവന വായ്പകള്‍ക്ക് എസ്.ബി.ഐ ഇപ്പോള്‍ 10.5 ശതമാനമാണ് പലിശ ചുമത്തുന്നത്. വായ്പാ തുക കൂടുന്നതനുസരിച്ച് ഈ നിരക്ക് 11 ശതമാനം വരെ ഉയരും. നിലവില്‍ ഉയര്‍ന്ന പലിശ നല്‍കുന്ന ഭവന വായ്പാ ഉപഭോക്താക്കള്‍ക്ക് ഈ ഫ്‌ളോട്ടിങ് നിരക്കിലേക്ക് മാറാനുള്ള അവസരമാണ് നല്‍കുക.

അതിനിടെ കടുത്ത പണ ദൗര്‍ലഭ്യം നേരിടാന്‍ എസ്.ബി.ഐ വിവിധ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഒരു ശതമാനം വരെ ഉയര്‍ത്തിയിട്ടുമുണ്ട്. ഏഴ് മുതല്‍ 240 ദിവസം വരെ കാലാവധിയുള്ള വായ്പകളുടെ പലിശ നിരക്കാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.