എഡിറ്റര്‍
എഡിറ്റര്‍
ആ 25രൂപക്കാര്യത്തില്‍ എസ്.ബി.ഐയുടെ വിശദീകരണം പച്ചക്കള്ളം: ബഡ്ഡിക്ക് എ.ടി.എം സൗകര്യംപോലുമായില്ല
എഡിറ്റര്‍
Saturday 13th May 2017 10:28am

തൃശൂര്‍: എ.ടി.എം സേവനങ്ങള്‍ക്ക് 25രൂപ ചാര്‍ജ് ഈടാക്കാന്‍ എസ്.ബി.ഐ തീരുമാനിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇതു വലിയ പ്രതിഷേധങ്ങള്‍ക്കു വഴിവെച്ചതോടെ എ.ടി.എം സേവനങ്ങള്‍ക്ക് ചാര്‍ജ് ഈടാക്കിയിട്ടില്ലെന്നും 25രൂപ ചാര്‍ജ് ഈടാക്കിയത് എസ്.ബി.ഐ മൊബൈല്‍ വാലറ്റ് അക്കൗണ്ടായ ‘ബഡ്ഡി’ക്കാണെന്നും എസ്.ബി.ഐ വിശദീകരിച്ചിരുന്നു.

എന്നാല്‍ ഈ വിശദീകരണം കള്ളമാണെന്നാണ് എസ്.ബി.ഐയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ ഉദ്ധരിച്ച് മാധ്യമം റിപ്പോര്‍ട്ടു ചെയ്യുന്നത്. ബഡ്ഡി ഇതുവരെ എ.ടി.എം സംവിധാനവുമായി ബന്ധിപ്പിച്ചിട്ടില്ല എന്നിരിക്കെയാണ് ബഡ്ഡിക്കാണ് ചാര്‍ജ് ഈടാക്കിയതെന്ന് എസ്.ബി.ഐ പറയുന്നത്.


Must Read:ഇതാണ് ഹീറോയിസം; ഒരുസെക്കന്റിന് ജീവന്റെ വിലയുണ്ടെന്ന് തെളിയിക്കുന്ന യുവാവ്: വീഡിയോ കാണാം


ബഡ്ഡി എ.ടി.എമ്മുമായി ബന്ധപ്പിക്കാന്‍ സഹായിക്കുന്ന ആപ്പുപോലും ഇതുവരെ വികസിപ്പിച്ചിട്ടില്ല. ജൂണില്‍ അതിനുള്ള നടപടി ആരംഭിക്കുകയേ ഉള്ളൂ. ഇക്കാര്യത്തില്‍ ബാങ്കുകള്‍ക്കുള്ള ഒരു നിര്‍ദേശവും എസ്.ബി.ഐ ഇറക്കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ഇതോടെ, സാധാരണ എ.ടി.എം ഇടപാടുകളെ ഉദ്ദേശിച്ചുതന്നെയാണ് എസ്.ബി.ഐ സര്‍ക്കുലര്‍ ഇറക്കിയതെന്നും എന്നാല്‍ പ്രതിഷേധം ശക്തമായതോടെ അതില്‍ നിന്നും പിന്മാറിയതാണെന്നും വ്യക്തമായിരിക്കുകയാണ്.

ജൂണ്‍ ഒന്നുമുതല്‍ സര്‍വിസ് ചാര്‍ജില്‍ മാറ്റം വരുത്തുന്ന സേവനങ്ങള്‍ ഏതെല്ലാമാണെന്ന് ഇനം തിരിച്ച് വ്യക്തമാക്കുന്ന സര്‍ക്കുലര്‍ തന്നെയാണ് കഴിഞ്ഞ ദിവസം ഇറക്കിയത്.


Also Read: എസ്.ബി.ഐ അക്കൗണ്ടുകള്‍ എങ്ങിനെ ക്ലോസ് ചെയ്യാം


ഐ.എം.പി.എസ് (ഇമ്മീഡിയറ്റ് ഫണ്ട് ട്രാന്‍സ്ഫര്‍), എ.ടി.എം-ബിസിനസ് കറസ്‌പോണ്ടന്റ് സര്‍വിസ് ചാര്‍ജ്, മുഷിഞ്ഞ നോട്ടുകള്‍ മാറ്റാനുള്ള സര്‍വിസ് ചാര്‍ജ്, 10,000 രൂപ വരെയുള്ള ഇടപാടുകള്‍ നടത്തുന്ന ബേസിക് സേവിങ്‌സ് ബാങ്ക് ഡെപ്പോസിറ്റ് എന്നീ നാല് ഇനങ്ങള്‍ വേര്‍തിരിച്ച് അവയുടെ സര്‍വിസ് ചാര്‍ജില്‍ വരുത്തുന്ന മാറ്റം എന്ന് വ്യക്തമാക്കുന്നതാണ് സര്‍ക്കുലര്‍.

അതിനിടെ എസ്.ബി.ടി ലയനവും മിനിമം ബാലന്‍സ് വ്യവസ്ഥയും പുതിയ സര്‍ക്കുലറുമെല്ലാം ഉണ്ടാക്കിയ പ്രതികരണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എസ്.ബി.ഐയുടെ കേരള സര്‍ക്കിള്‍ ജനറല്‍ മാനേജര്‍ വെള്ളിയാഴ്ച മൂന്നാറില്‍ യോഗം വിളിച്ചിരുന്നു. ശനിയാഴ്ച സമാപിക്കുന്ന യോഗത്തില്‍ റീജനല്‍ മാനേജര്‍മാരും ചീഫ് ജനറല്‍ മാനേജര്‍മാരും അടക്കമുള്ളവര്‍ പങ്കെടുക്കുന്നുണ്ട്.

Advertisement