എഡിറ്റര്‍
എഡിറ്റര്‍
ചിലവിന് കൊടുക്കുന്നില്ലെന്ന് ആരോപണം; ഗാര്‍ഹികപീഡന കേസില്‍ സായ്കുമാര്‍ കോടതിയില്‍
എഡിറ്റര്‍
Friday 8th June 2012 11:48am

കൊല്ലം: സിനിമാ രംഗത്തുള്ളവരുടെ വിവാഹമോചനം വലിയ അത്ഭുതമൊന്നുമല്ലാതായിരിക്കുന്നു. കാവ്യമാധവനും, ഉര്‍വശിയും, കല്‍പ്പനയും, പ്രഭുദേവയുമൊക്കെ ഇതിനകം തന്നെ വിവാഹമോചിതരായതാണ്. ഇപ്പോഴിതാ കുടുംബപ്രശ്‌നങ്ങള്‍ കാരണം മറ്റൊരു സിനിമാ താരം കൂടി കോടതി കയറുകയാണ്. നടന്‍ സായ്കുമാറിന്റെ കുടുംബപ്രശ്‌നങ്ങളാണ് ഇപ്പോള്‍ കോടതിയിലെത്തിയിരിക്കുന്നത്.

സായ്കുമാറിനെതിരെ ഭാര്യ പ്രസന്നകുമാരി ഗാര്‍ഹികപീഡന കേസ് നല്‍കിയിരിക്കുകയാണ്. താനും ഭര്‍ത്താവും ചേര്‍ന്ന് എടുത്തിട്ടുള്ള ഭവന വായ്പയുടെ തവണയും കാറിന്റെ വായ്പാ തവണയും അടയ്ക്കുന്നില്ല, തനിക്കും മകള്‍ക്കും ചിലവിന് തരുന്നില്ല തുടങ്ങിയ ആരോപണങ്ങളാണ് പ്രസന്നകുമാരി പരാതിയില്‍ ഉന്നയിച്ചിട്ടുള്ളത്. മകള്‍ വൈഷ്ണവിയെയും കക്ഷിചേര്‍ത്താണ് പ്രസന്നകുമാരിയുടെ പരാതി. 15000 രൂപയാണ് പ്രതിമാസം ചിലവിനായി ആവശ്യപ്പെട്ടിരുന്നത്.

ചിത്രഭൂമി, വീട് തുടങ്ങിയ വാരികകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ഭാര്യയും മകളുമാണ് തന്റെ എല്ലാ ഐശ്വര്യങ്ങള്‍ക്കും അഭിവൃദ്ധിക്കും പിന്നിലെന്ന് അഭിപ്രായപ്പെട്ടതിന്റെ തെളിവുകളും വാദിഭാഗം കോടതിയില്‍ ഹാജരാക്കിയിരുന്നു.

കേസില്‍  സായ്കുമാര്‍ വ്യാഴാഴ്ച രാവിലെ 11 ന് കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി മൊഴി നല്‍കി. ഭവനവായ്പ ഉള്‍പ്പെടെ എല്ലാ കുടിശ്ശികകളും താന്‍ അടച്ചുതീര്‍ത്തുവെന്നും ഇപ്പോള്‍ കുടിശ്ശിക ഒന്നും ശേഷിക്കുന്നില്ലെന്നുമാണ് സായ്കുമാര്‍ കോടതിയെ അറിയിച്ചത്.

2010 ലാണ് ഗാര്‍ഹികപീഡന നിയമപ്രകാരം പ്രസന്നകുമാരി കേസ് ഫയല്‍ ചെയ്തത്. സായ്കുമാറിന്റെ മൊഴി രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ കേസിന്റെ അവസാനവാദം കേള്‍ക്കല്‍ ജൂണ്‍ 16 ലേക്ക് മാറ്റി.

കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഏതാനും നാളുകളായി സായ്കുമാറും പ്രസന്നകുമാരിയും അകന്ന് കഴിയുകയാണ്. കൊല്ലം മാടന്‍നടയിലുള്ള വീട്ടിലാണ് പ്രസന്നകുമാരിയും മകളും താമസിക്കുന്നത്. സായ്കുമാര്‍ തിരുവനന്തപുരത്താണുള്ളത്.

Advertisement