കൊച്ചി: മെര്‍ക്കിന്‍സ്റ്റണ്‍ കേസുമായി ബന്ധപ്പെട്ട് മന്ത്രി ബിനോയ് വിശ്വത്തിനെ വിമര്‍ശിച്ച് സേവി മനോ മാത്യു രംഗത്ത്. പ്രശ്‌നത്തില്‍ ബിനോയ് വിശ്വം നടത്തുന്ന ഇടപെടലിനെതിരേ നിയമനടപടി ആരംഭിച്ചതായും സേവിമനോ മാത്യു പറഞ്ഞു.

മെര്‍ക്കിന്‍സ്റ്റണ്‍ കേസില്‍ മന്ത്രിയുടെ ഇടപെടല്‍ നിയമലംഘനവും സത്യപ്രതിജ്ഞാലംഘനവുമാണ്. ബിനോയ് വിശ്വത്തിന്റെ വിദേശബന്ധങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നും സേവിമനോ മാത്യൂ ആവശ്യപ്പെട്ടു.

കേസില്‍ മന്ത്രിയുടെ പരസ്യമായ ഇടപെടല്‍ നിയമസംവിധാനത്തിലുള്ള കൈകടത്തലാണെന്നും അദ്ദേഹം ആരോപിച്ചു. മെര്‍ക്കിന്‍സ്റ്റണ്‍ കേസ് എഴുതിത്തള്ളാന്‍ അനുവദിക്കില്ലെന്ന് കഴിഞ്ഞദിവസം ബിനോയ് വിശ്വം വ്യക്തമാക്കിയിരുന്നു.

സേവി മനോ മാത്യു ഉള്‍പ്പെടെ പ്രതികളായ മെര്‍ക്കിസ്റ്റണ്‍ ഭൂമി ഇടപാടു കേസ് എഴുതിത്തള്ളിയ പൊലീസ് തന്നെ കഴിഞ്ഞ ദിവസം കേസില്‍ തുടര്‍ അന്വേഷണം ആവശ്യപ്പെട്ടു ഹരജിയുമായി കോടതിയിലെത്തിയിരുന്നു. വനംമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ആഭ്യന്തരവകുപ്പ് നിലപാട് മാറ്റിയതെന്നാണ് സൂചന. ആഭ്യന്തര സുരക്ഷാ അന്വേഷണ വിഭാഗത്തിലെ ഡിവൈഎസ്പി: ആര്‍. മഹേഷാണ് എഴുതിത്തള്ളിയ കേസില്‍ തുടര്‍ അന്വേഷണം ആവശ്യപ്പെട്ട് അതേ കോടതിയില്‍ വീണ്ടും ഹരജി നല്‍കിയത്.

പൊന്മുടിയിലെ പരിസ്ഥിതി ദുര്‍ബല പ്രദേശമായ 87 ഏക്കര്‍ വനഭൂമി വ്യാജരേഖ ചമച്ച് ഐ.എസ്.ആര്‍.ഒയ്ക്കു കൈമാറാന്‍ ഗൂഢാലോചന നടത്തി എന്നാണു കേസ്. തെളിവില്ലെന്നു ചൂണ്ടിക്കാട്ടി ശംഖുമുഖം അസിസ്റ്റന്റ് കമ്മിഷണറായ പി. രഘു കേസ് എഴുതിത്തള്ളി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതു പുറത്തുവന്നതോടെ മന്ത്രി ബിനോയ് വിശ്വം തുടര്‍ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പിനു കത്ത് നല്‍കി. മുന്‍ കലക്ടര്‍ എന്‍. അയ്യപ്പന്‍ ഉള്‍പ്പെടെയുള്ള റവന്യു ഉദ്യോഗസ്ഥരാണു കേസിലെ മറ്റു പ്രതികള്‍.