ഡബ്ലിന്‍: അയര്‍ലന്റില്‍ രോഗിയായ ഇന്ത്യന്‍ ഡോക്ടറിന് ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ ലോകവ്യാപക പ്രതിഷേധം. കടുത്ത ശാരീരിക അസ്വാസ്ഥ്യമുള്ളതിനാല്‍ സവിത ഹാലപ്പനവര്‍ (31) ഗര്‍ഭച്ഛിദ്രം വേണമെന്ന് ആവശ്യപ്പെട്ടിട്ടും കത്തോലിക്ക രാഷ്ട്രമായ അയര്‍ലന്റില്‍ ഗര്‍ഭഛിദ്രം നടത്തുന്നത് നിയമവിധേയമല്ലാത്തതിനാല്‍ സാധ്യമല്ലെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.

കടുത്ത വേദനയെ തുടര്‍ന്ന് ഗര്‍ഭഛിദ്രത്തിനായി യാചിച്ച യുവതി ”ഞാന്‍ കത്തോലിക്ക വിശ്വാസിയോ ഐറിഷോ അല്ല’ എന്ന് മരണത്തിന് മുമ്പ് പറഞ്ഞപ്പോഴും ഇത് കത്തോലിക്ക രാജ്യമാണെന്നായിരുന്നു ഡോക്ടര്‍മാരുടെ മറുപടിയെന്ന് യുവതിയുടെ ഭര്‍ത്താവായ പ്രവീണ്‍ ഹാലപ്പനാര്‍ പറഞ്ഞു. ഗര്‍ഭഛിദ്രം നടത്താന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് മരണകാരണമാകുന്ന സെപ്റ്റസിമ്യ (രക്തത്തില്‍ അണുബാധ)യുണ്ടാവുകയും മൂന്ന് ദിവസത്തിലധികം കടുത്ത വേദനയും ദേഹാസ്വാസ്ഥ്യവും അനുഭവിച്ച സവിത ഒടുവില്‍ മരണപ്പെടുകയായിരുന്നു.

Ads By Google

യുവതി മരിച്ച സംഭത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അയര്‍ലന്റിനെ ശക്തമായ പ്രതിഷേധവും ആശങ്കയും അറിയിച്ചു. അയര്‍ലന്റില്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റും ഗവണ്‍മെന്റും നടത്തുന്ന അന്വേഷണറിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ കൂടുതല്‍ നടപടികളെക്കുറിച്ച് ആലേചിക്കുമെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അക്ബറുദ്ദീന്‍ വ്യക്തമാക്കി. സംഭത്തില്‍ അയര്‍ലന്റിന്റെ പ്രതികരണം കാത്തിരിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു.

സവിത മരിക്കാനിടയായ സംഭവം ഗുരുതരമായ കുറ്റകൃത്യമാണെന്നും ഉടന്‍ നടപടിയെടുക്കണമെന്നും സി.പി.ഐ.എം ആവശ്യപ്പെട്ടു. അങ്ങേയറ്റം വേദനയുണ്ടാക്കുന്ന സംഭവമാണിതെന്നും സ്ത്രീകളുടെ അവകാശത്തിന് മുകളിലുള്ള മതാധിപത്യത്തിന്റെ കടന്നുകയറ്റമാണ് ഇതെന്നും സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു.

കര്‍ണാടകയിലെ ബെല്‍ഗാം സ്വദേശിനിയായ സവിത ഹാലപ്പനാവരാണ് ആശുപത്രിയിലെ മൂന്നര ദിവസത്തെ നരകയാതനക്ക് ശേഷം മരണത്തിന് കീഴടങ്ങിയത്. കടുത്ത ഛര്‍ദ്ദിയും വിറയലും നടുവേദനയും മൂലം പ്രയാസപ്പെട്ടിരുന്ന ഡോക്ടര്‍ കൂടിയായ യുവതി ഗര്‍ഭഛിദ്രം നടത്താന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കുഞ്ഞിന് ഹൃദയമിടിപ്പുണ്ടെന്നും ഗര്‍ഭഛിദ്രം നടത്താന്‍ സാധ്യമല്ലെന്നും ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.

ഒക്ടോബര്‍ 21-ന് 17 ആഴ്ച ഗര്‍ഭിണിയായിരുന്ന സവിത കടുത്ത ശാരീരികാസ്വാസ്ഥ്യത്തെയും നടുവേദനയെയും തുടര്‍ന്നാണ് യൂണിവേഴ്‌സല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. ഒക്ടോര്‍ബര്‍ 25-ഓട് കൂടി കടുത്ത വേദനയിലേക്കും 26-ാം തിയതിയോട് കൂടി ഛര്‍ദ്ദിയും തുടങ്ങിയിരുന്നു. തുടര്‍ന്നും ഗര്‍ഭം നീക്കം ചെയ്യാത്തതിനെ തുടര്‍ന്ന് സെപ്റ്റിസിമ്യയുടെ ശരീരം മുഴുവന്‍ വ്യാപിക്കുകയും ഓരോ അവയവത്തിന്റെയും പ്രവര്‍ത്തനം ഘട്ടം ഘട്ടമായി നിലക്കുകയായിരുന്നു. 27-ാം തിയതിയോട് കൂടി ഹൃദയത്തിന്റെയും കിഡ്‌നിയുടെയും കരളിന്റെയും പ്രവര്‍ത്തനം പൂര്‍ണമായും അവതാളത്തിലാവുകയായിരുന്നു. 28-ാം തിയതി അലസിപ്പോയ ഗര്‍ഭം നീക്കം ചെയ്തുവെങ്കിലും യുവതി മരണപ്പെടുകയായിരുന്നു.

സവിതക്ക് കത്തോലിക്കാരാജ്യമായ അയര്‍ലന്റില്‍ ഗര്‍ഭചിദ്രം നടത്താനാകില്ലെന്നു ചൂണ്ടിക്കാട്ടിയ ഡോക്ടര്‍മാര്‍ മാനുഷികപരിഗണന പോലും നിഷേധിച്ചുവെന്ന് ഭര്‍ത്താവ് പ്രവീണ്‍ ഹാലപ്പനാവര്‍ പറഞ്ഞു. രക്ഷിക്കാന്‍ സാധിക്കുമായിരുന്നിട്ടും അവര്‍ എന്റെ മകളെ കൊല്ലുകയായിരുന്നുവെന്ന് സവിതയുടെ മാതാവ് എ.മഹാദേവിയും ആരോപിച്ചു. നവംബര്‍ 3 നാണ് സംസ്‌കാരച്ചടങ്ങുകള്‍ നടന്നത്.

സവിതയുടെ മരണം യൂറോപ്പില്‍ പുതിയ സംവാദത്തിന് തുടക്കമിട്ടിരിക്കുകയാണ്. ഗര്‍ഭസ്ഥശിശു രക്ഷപ്പെടാന്‍ സാധ്യതയില്ലാതിരിന്നിട്ടും ഗര്‍ഭച്ഛിദ്രത്തിന് ഡോക്ടര്‍മാര്‍ തയ്യാറാകാത്തതാണ് മരണത്തിന് ഇടയാക്കിയത്. അയര്‍ലന്റ് പാര്‍ലമെന്റിനു മുന്നില്‍ നടന്ന പ്രതിഷേധറാലിയില്‍ വന്‍ജനാവലിയാണ് പങ്കെടുത്തത്.

കത്തോലിക്ക രാജ്യമായതിനാലാണ് അയര്‍ലന്റില്‍ ഗര്‍ഭഛിദ്രം നിയമം മൂലം നിരോധിക്കുന്നത്. എന്നാല്‍ 1992ല്‍ ഐറിഷ് സുപ്രീം കോടതി ഗര്‍ഭിണിയുടെ ജീവന് ഭീഷണിയാണെങ്കില്‍ ഗര്‍ഭഛിദ്രമാകാം എന്ന് പറയുന്നുവെങ്കിലും തുടര്‍ന്നുവന്ന അഞ്ച് സര്‍ക്കാരുകളും ഇത് നിയമമാക്കുന്നത് നിരസിക്കുകയായിരുന്നു. അയര്‍ലന്റില്‍ ഒരു വര്‍ഷം ഏകദേശം 4000 ഓളം ഗര്‍ഭഛിദ്രങ്ങള്‍ നടക്കുന്നതായാണറിയുന്നത്. ഗര്‍ഭഛിദ്രം നടത്തുന്നതിന് വേണ്ടി തൊട്ടടുത്ത രാഷ്ട്രമായ ഇംഗ്ലണ്ടിലേക്കാണ് ഐറിഷ് വനിതകള്‍ പോകാറുള്ളത്. ശരീരം മുഴുവന്‍ തളര്‍ന്ന ഈ കേസില്‍ ഇത് ഒരിക്കലും സാധ്യമായിരുന്നില്ല.