ദുബൈ: സൗദി അറേബ്യ രാജ്യത്ത് ജോലിയെടുക്കുന്ന വിദേശതൊഴിലാളികള്‍ക്ക് കടുത്ത നിയന്ത്രണംകൊണ്ടുവരാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ആഭ്യന്തരതൊഴില്‍ വിപണിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിദേശതൊഴിലാളികളുടെ കാലാവധി ആറുവര്‍ഷമായി ചുരുക്കാനാണ് തീരൂമാനിച്ചിരിക്കുന്നത്.

സൗദി തൊഴില്‍ മന്ത്രി ആദല്‍ അല്‍ ഫഖിഹ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. തൊഴില്‍വിസയുമായി ബന്ധപ്പെട്ടുണ്ടാകുന്ന തട്ടിപ്പുകളും ക്രമക്കേടുകളും അവസാനിപ്പിക്കാന്‍ പുതിയ നിര്‍ദ്ദേശം ലക്ഷ്യമിടുന്നു. നിര്‍ദ്ദേശം ഉടന്‍ നടപ്പാക്കുമെന്നും ഫഖിഹ് വ്യക്തമാക്കിയിട്ടുണ്ട്.

തദ്ദേശീയരായ ആളുകള്‍ക്ക് കൂടുതല്‍ ജോലിസാധ്യത ഉറപ്പുവരുത്തുന്നതാണ് നിര്‍ദ്ദേശം. ഏകദേശം 85 ലക്ഷത്തോളം വിദേശതൊഴിലാളികള്‍ സൗദിയില്‍ ജോലിയെടുക്കുന്നുണ്ട് എന്നാണ് കണക്ക്. സ്വകാര്യകമ്പനികളില്‍ ജോലിയെടുക്കുന്ന 90 ശതമാനം ആളുകളും വിദേശികളാണ്.

മറ്റ് ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഈ നിര്‍ദ്ദേശം നേരത്തേ മുന്നോട്ടുവെച്ചിരുന്നെങ്കിലും വിവിധ കാരണങ്ങളാല്‍ നടപ്പിലാക്കാന്‍ സാധിച്ചിരുന്നില്ല.