റിയാദ്: 2015ലെ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ സൗദി സ്ത്രീകള്‍ക്ക് പുരുഷരക്ഷിതാവിന്റെ സഹായം ആവശ്യമില്ലെന്ന് സൗദി അധികൃതര്‍. സൗദി രാജാവാണ് സ്ത്രീകള്‍ക്ക് വോട്ടുചെയ്യാന്‍ അനുമതി നല്‍കുന്ന പ്രഖ്യാപനം നടത്തിയത്. വോട്ടുചെയ്യാന്‍ സ്ത്രീകള്‍ മറ്റൊരു രക്ഷിതാവിന്റെ അനുവാദം തേടേണ്ടതില്ലെന്ന് ഷൂറ കൗണ്‍സില്‍ അംഗം ഫഹദ് അല്‍-അന്‍സി പറഞ്ഞു. നിയമനിര്‍മാണ അധികാരവും സ്ത്രീപങ്കാളിത്തവുമില്ലാത്ത ഉപദേശക സമിതിയാണ് ഷൂറ കൗണ്‍സില്‍.

സൗദിയില്‍ സ്ത്രീകള്‍ക്ക് വോട്ടുചെയ്യാമെന്ന പ്രഖ്യാപനം രാജാവിന്റെ ഭാഗത്തുനിന്നുണ്ടായെങ്കിലും പുരുഷ രക്ഷിതാവിന്റെ നിയമങ്ങളില്‍ വലിയ മാറ്റങ്ങളൊന്നുമുണ്ടായിരുന്നില്ല. പുരുഷന്‍മാരുടെ അനുവാദമില്ലാതെ സ്ത്രീ യാത്രചെയ്യാനോ, ജോലിചെയ്യാനോ, വിവാഹം കഴിക്കാനോ, വിവാഹമോചനം നേടാനോ, വിദേശത്ത് പഠിക്കാനോ, ആശുപത്രിയില്‍ ചികിത്സതേടാനോ പാടില്ലെന്നാണ് സൗദിയിലെ നിയമം. ഏറെ യാഥാസ്ഥിതികമായ വഹാബിസമാണ് സൗദിയിലെ ജനങ്ങള്‍ പിന്‍തുടരുന്നത്.

സൗദിയിലെ പുരുഷ രക്ഷകര്‍തൃത്വനിയമം സ്ത്രീകളെ അടിച്ചമര്‍ത്തുന്നതാണെന്ന് വനിതാ സാമൂഹ്യപ്രവര്‍ത്തക വാഹ്ജ- അല്‍ ഹാവിദാര്‍ പറയുന്നു. സ്ത്രീകളെ ജീവിതാവസാനം വരെ കുട്ടികളായാണ് ഈ നിയമം കാണുന്നത്. ഒരു മുതിര്‍ന്നയാളായോ പൂര്‍ണ വളര്‍ച്ചയെത്തിയ തലച്ചോറുള്ളവളായോ സ്ത്രീയെ ഈ നിയമങ്ങള്‍ ഒരിക്കലും കണ്ടിട്ടില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.

‘സൗദി സ്ത്രീകളെ കാലങ്ങളായി അടിമകളാക്കിവെച്ചിരിക്കുന്നത് പുരുഷ രക്ഷകര്‍തൃത്വനിയമങ്ങളാണ്. ഈ നിയമങ്ങള്‍ എടുത്തുമാറ്റണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്.’ ഹാടൗണ്‍ അല്‍-ഫാസി പറയുന്നു. ഈ നിയമം എടുത്തുമാറ്റണമെന്നും സ്ത്രീകള്‍ക്ക് വാഹനം ഓടിക്കുന്നതിനുള്‍പ്പെടെയുള്ള അവകാശങ്ങള്‍ ലഭിക്കണമെന്നുമാവശ്യപ്പെട്ട് വര്‍ഷങ്ങളായി സമരം നടത്തുന്ന സ്ത്രീയാണ് ഹാടൗണ്‍ അല്‍ഫാസി.

Malayalam news

Kerala news in English