എഡിറ്റര്‍
എഡിറ്റര്‍
ബ്രദര്‍ഹുഡ്: സൗദി നയം വാക്കിലൊതുങ്ങുന്നതല്ല പ്രവര്‍ത്തിയില്‍ കൊണ്ട് വരുമെന്ന് സൗദ് അല്‍ ഫൈസല്‍
എഡിറ്റര്‍
Tuesday 11th March 2014 8:15am

saud-al-faizal

റിയാദ്: ഭീകരവാദത്തെ എന്തുവിലകൊടുത്തും തുടച്ചുനീക്കുമെന്ന് സൗദി അറേബ്യ.

സൗദിയുടെ നയം വെറും വാക്കിലൊതുങ്ങുതല്ല മറിച്ച് പ്രവര്‍ത്തിപഥത്തില്‍ കൊണ്ടുവരുകയാണ് ചെയ്യുന്നതെന്നും ഭീകരവാദപ്രവര്‍ത്തനങ്ങളെയും ഭീകരവാദ സംഘടനകളെയും ഇല്ലാതാക്കാനുള്ള നിയമനടപടികള്‍ സ്വീകരിച്ചതായും വിദേശകാര്യ മന്ത്രി സൗദ് അല്‍ ഫൈസല്‍ വ്യക്തമാക്കി.

തങ്ങളുടെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണി സൃഷ്ടിക്കുന്ന എല്ലാ ശക്തികള്‍ക്കുമെതിരെ അറബ് രാജ്യങ്ങളെല്ലാം ഒന്നായി നീങ്ങണമെന്നും കെയ്‌റോയില്‍ അറബ് ലീഗിന്റെ വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തില്‍ സൗദ് അല്‍ ഫൈസല്‍ പറഞ്ഞു.

അതിനിടെ മുസ്‌ലിം ബ്രദര്‍ഹുഡിനെ ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ച സഊദി അറേബ്യയുടെ നിലപാടിനോട് യു.എ.ഇ ഭരണാധികാരികളും പിന്തുണ പ്രഖ്യാപിച്ചു.

ഇത്തരം സംഘടനകളെ ഇല്ലാതാക്കാനുള്ള എല്ലാ വിധത്തിലുമുള്ള സഹായവും സൗദിക്ക് നല്‍കുമെന്നും യു.എ.ഇ വ്യക്തമാക്കി.

ബ്രദര്‍ഹുഡ് സംഘടനയുമായി ബന്ധമുള്ള നിരവധി പേരെ കഴിഞ്ഞ വര്‍ഷങ്ങളില്‍ യു.എ.ഇ ജയിലിലടച്ചിരുന്നു. ഇതേ കുറ്റത്തിന്റെ പേരില്‍ കഴിഞ്ഞ ആഴ്ച ഖത്തര്‍ സ്വദേശിയായ ഡോക്ടറെയും കോടതി ശിക്ഷിച്ചിരുന്നു.

സായുധ സംഘമായ മുസ്‌ലീം ബ്രദര്‍ഹുഡിനെ കഴിഞ്ഞാഴ്ചയാണ് സൗദി അറേബ്യ ഭീകരസംഘടനയായി പ്രഖ്യാപിച്ചത്.

മുസ്‌ലീം ബ്രദര്‍ഹുഡിനെ കൂടാതെ ദാഇശ്, നുസ്‌റ, അന്‍സാറുല്ല, ഹിസ്ബുല്ല ഗ്രൂപ്, ഹൂതികള്‍ എന്നീ സംഘടനകളേയും  ഭീകരവാദ സംഘടനകളായി സൗദി അറേബ്യ  പ്രഖ്യപിച്ചിരുന്നു.

രാജനിര്‍ദേശത്തെ തുടര്‍ന്ന് ആഭ്യന്തര, വിദേശ, ഇസ്‌ലാമിക, നീതിന്യായമന്ത്രാലയങ്ങളും പബഌക് പ്രോസിക്യൂഷന്‍ വിഭാഗവും അടങ്ങുന്ന പ്രത്യേകസമിതിയാണ് ഭീകരവാദ സംഘടനകളുടെ പട്ടിക തയ്യാറാക്കിയത്.

Advertisement