റിയാദ്: രാജ്യത്തെ തൊഴില്‍ മേഖലയില്‍ ആറ് വര്‍ഷം പൂര്‍ത്തിയാക്കിയ വിദേശ തൊഴിലാളികളെ വിസ പുതുക്കാന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനം സൗദി തൊഴില്‍ മന്ത്രാലയം തിരുത്തി. ഈ പരീക്ഷണം വ്യാപകമായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് തൊഴില്‍ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

മലയാളികളടക്കമുള്ള ആയിരക്കണക്കിന് തൊഴിലാളികളെ കടുത്ത ആശങ്കയിലാക്കിയ പ്രഖ്യാപനം കഴിഞ്ഞ തിങ്കളാഴ്ചയാണ് നടന്നത്. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തില്‍ ആറ് വര്‍ഷം ജോലിചെയ്ത് വിജയികളെ തിരിച്ചയക്കുമെന്നായിരുന്നു മന്ത്രി ആദില്‍ അല്‍ ഫാഖിഫ് പ്രഖ്യാപിച്ചത്. പുതിയ വിസ അനുവദിക്കുന്നത് ആറ് വര്‍ഷത്തേക്ക് പരിമിതപ്പെടുത്താനും മന്ത്രി ആലോചിച്ചിരുന്നു.

എന്നാല്‍ ഇത്തരം പരീക്ഷണങ്ങള്‍ വ്യാപകമായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് തൊഴില്‍ മന്ത്രാലയം ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. 5% മുതല്‍ 10% വരെ സ്വദേശി പൗരന്‍മാര്‍ക്ക് ജോലി നല്‍കിയിരിക്കണമെന്ന നിഷ്‌കര്‍ഷ പാലിക്കാത്ത സ്വകാര്യ കമ്പനികളെ ഉദ്ദേശിച്ചായിരുന്നു തന്റെ പ്രസ്താവനയെന്ന് മന്ത്രി അറിയിച്ചു. തെറ്റുതിരുത്താന്‍ ഇത്തരം സ്ഥാപനങ്ങളെ പ്രേരിപ്പിക്കുക മാത്രമായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചു.