റിയാദ്: സൗദിയില്‍ മകളെ പീഡിപ്പിച്ച് കൊന്ന മതപുരോഹിതന്റെ ശിക്ഷ നഷ്ടപരിഹാരം മാത്രം. ചെറിയ കാലയളവിലേക്കുള്ള ജയില്‍ വാസത്തിന് ശേഷമാണ് കുറ്റകൃത്യത്തിന്റെ ശിക്ഷയായി പെണ്‍കുട്ടിയുടെ മാതാവിന് നഷ്ടപരിഹാരം മാത്രം നല്‍കിയാല്‍ മതിയെന്ന് കോടതി വിധി പുറപ്പെടുവിച്ചത്.

Ads By Google

2011 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അഞ്ച് വയസ്സുകാരിയായ ലാമ അല്‍ ഖംദിയെ മതപുരോഹിതനായ പിതാവ് പീഡിപ്പിക്കുകയായിരുന്നു. തലയോട്ടിക്കും വാരിയെല്ലുകള്‍ക്കും ഗുരുതരമായ പരിക്കേറ്റ നിലയിലായിരുന്നു പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുമുണ്ടായിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ 22 ന് പെണ്‍കുട്ടി മരണപ്പെടുകയും ചെയ്തു.

പെണ്‍കുട്ടിയുടെ പിതാവായ ഫൈഹാന്‍ അല്‍ ഖംദിയാണ് പെണ്‍കുട്ടിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്. സ്ഥിരമായി മുസ്‌ലിം ടെലിവിഷന്‍ ചാനലില്‍ പ്രഭാഷണം നടത്താറുള്ള ഇയാള്‍ കേബിളും ചൂരലുമുപയോഗിച്ച് മകളെ പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു.

അഞ്ച് വയസ്സുകാരിയായ മകളുടെ കന്യകാത്വത്തില്‍ സംശയാലുവായ ഇയാള്‍ ഇതിനായി വൈദ്യപരിശോധന നടത്തിയതായും അറിയുന്നു. സ്വന്തം മകളെ ക്രൂരമായ പീഡനത്തിനിരായാക്കിയ പിതാവിന് പക്ഷേ സൗദി കോടതി വിധിച്ചത് ‘ബ്ലഡ് മണി’നല്‍കാനാണ്.

കോടതി വിധിക്കെതിരെ വുമണ്‍ ടു ഡ്രൈവ് എന്ന സ്ത്രീ സംഘടന രംഗത്തെത്തിയിരിക്കുകായണ്.