Categories

ഹിജാബ് ധരിക്കാതെ ഫോട്ടോക്ക് പോസ് ചെയ്ത സൗദി യുവതിയെ അറസ്റ്റ് ചെയ്തു

hijabfb

റിയാദ്: ഹിജാബ് ധരിക്കാതെ ഫോട്ടോക്ക് പോസ് ചെയ്ത സൗദി യുവതിയെ സൗദി പൊലീസ് അറസ്റ്റ് ചെയ്തു. സൗദി അറേബ്യയിലെ റിയാദിലാണ് സംഭവം.

പൊതു മൂല്യങ്ങളെ ലംഘിച്ചു എന്നതാണ് യുവതിക്കു മേല്‍ ചാര്‍ത്തപ്പെട്ട കുറ്റം. ഇരുപതു വയസ്സുകാരിയായ യുവതിയെ ജയിലിലടച്ചു.

പരമ്പരാഗത മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ഒരു രാജ്യത്ത് ഇത്തരം സദാചാരലംഘനങ്ങള്‍ അനുവദിക്കാന്‍ കഴിയില്ല എന്നായിരുന്നു യുവതിയെ അറസ്റ്റ് ചെയ്തതിനെക്കുറിച്ചുള്ള പൊലീസിന്റെ പ്രതികരണം.


യുവതിയുടെ പേര് പൊലീസ് പുറത്ത് വിട്ടിട്ടില്ല. എന്നാല്‍  മലക് അല്‍ ഷെഹ്രി എന്ന യുവതിയുടെ ട്വീറ്റ് സാമൂഹ്യമാധ്യമങ്ങളില്‍ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്.

അന്യപുരുഷന്മാരുയുള്ള ബന്ധത്തെക്കുറിച്ച് പരസ്യമായി സംസാരിച്ചതിനും കൂടിയാണ് യുവതിയെ അറസ്റ്റ് ചെയ്ത് ജയിലിലയച്ചതെന്ന് പൊലീസ് വക്താവ് അറിയിച്ചു.

ഹിജാബ് ധരിക്കാതെ തഹ്ലിയിലേക്ക് പോകുകയാണെന്നും സുഹൃത്തിനെ കാണണമെന്നും പറഞ്ഞ് ഇവര്‍ നേരത്തെ ട്വിറ്ററില്‍ സന്ദേശം ഇട്ടിരുന്നു. തഹ്ലിയയില്‍ എത്തിയതിന് ശേഷം ഹിജാബ് ധരിക്കാതെ നിരത്തില്‍ നില്‍ക്കുന്ന ഫോട്ടോയും ഇവര്‍ പോസ്റ്റ് ചെയ്തു. ഇത് പ്രചരിച്ചതോടെയാണ് പൊലീസ് യുവതിയെ അറസ്റ്റു ചെയ്തത്.

ഹിജാബ് ധരിക്കാതെയുള്ള ഫോട്ടോ ഷെയര്‍ ചെയ്തതോടെ യുവതക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചരണം ഉയര്‍ന്നിരുന്നു. ഈ യുവതിയെ കൊന്ന് പട്ടിക്കിട്ടുകൊടുക്കണമെന്ന രീതിയിലായിരുന്നു പലരുടേയും പ്രതികരണം.

ചിത്രം പോസ്റ്റ് ചെയ്തതിന് ശേഷം യുവതിക്കെതിരെ കടുത്ത നടപടി വേണമെന്നാവശ്യപ്പെട്ട് വലിയ പ്രചരണമാണ് നടന്നത്.

ഞങ്ങള്‍ ആവശ്യപ്പെടുന്നു വിമത മാലാക അല്‍ ഷെഹ്രിയെ തടവിലാക്കുക എന്ന പേരില്‍ ഹാഷ് ടാഗ് പ്രചരണവും വിമര്‍ശകര്‍ ആരംഭിച്ചിരുന്നു.
അതേ സമയം യുവതിയെ പിന്തുണച്ചും നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗതെത്തിയിരുന്നു.

Tagged with: