എഡിറ്റര്‍
എഡിറ്റര്‍
പ്രവാസി പുനരധിവാസം: സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ്
എഡിറ്റര്‍
Friday 14th June 2013 10:36am

assembly

തിരുവനന്തപുരം:  ഗള്‍ഫില്‍ നിന്നും നാടുകടത്തപ്പെടുന്ന പ്രവാസികളുടെ വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. കെ.വി അബ്ദുള്‍ ഖാദര്‍ ആണ് നോട്ടീസ് നല്‍കിയത്.

സൗദിക്ക് പുറമെ കുവൈത്തിലും സ്വദേശിവത്ക്കരണം വരികയാണെന്നും ആളുകള്‍ക്ക് അവിടെ പുറത്തിറങ്ങി നടക്കാന്‍ സാധിക്കാത്ത സാഹചര്യമാണെന്നും അബ്ദുള്‍ ഖാദര്‍ പറഞ്ഞു.

Ads By Google

സര്‍ക്കാര്‍ ഇതിനെ ലാഘവത്തോടെയാണ് കാണുന്നതെന്നും പ്രശ്‌നങ്ങള്‍ ഒന്നും അറിഞ്ഞില്ലെന്ന കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ പ്രസ്താവന ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു.

കുവൈറ്റില്‍ പുറത്തിറങ്ങാനോ ജോലിക്ക് പോകാനോ കഴിയാത്ത സാഹചര്യമാണ്. മലയാളികള്‍ പലരും പുറത്തുപോകാനാകാതെ പട്ടിണിയില്‍ കഴിയുകയാണ്.

ഇന്ത്യന്‍ എംബസി ഇക്കാര്യത്തില്‍ സമ്പൂര്‍ണമായി പരാജയപ്പെട്ടു. നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി മലയാളികളെ തിരികെയെത്തിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടതായി അദ്ദേഹം പറഞ്ഞു.

മടങ്ങിവരുന്ന പ്രവാസികള്‍ക്കായുള്ള പുനരധിവാസ പാക്കേജിന് ഒരു മാസത്തിനകം അന്തിമരൂപമാകുമെന്ന് മന്ത്രി കെ.സി ജോസഫ് നിയമസഭയില്‍ അറിയിച്ചു. തിരികെ വരുന്ന സാങ്കേതിക വൈദഗ്ധ്യമുള്ളവര്‍ക്ക് തൊഴില്‍ സാഹചര്യമൊരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പ്രശ്‌നങ്ങള്‍ നയതന്ത്ര ഇടപെടലില്‍ കൂടി മാത്രമേ പരിഹരിക്കാനാകൂവെന്നും അത്ര ഭീതിജനകമായ സാഹചര്യമില്ലെന്നും പ്രശ്‌നം പരിഹരിക്കാന്‍ ഉടന്‍ നടപടിയെടുക്കുമെന്നും നോട്ടീസിന് മറുപടി പറഞ്ഞ മന്ത്രി കെ.സി ജോസഫ് വ്യക്തമാക്കി.

തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുകയായിരുന്നു.

Advertisement