എഡിറ്റര്‍
എഡിറ്റര്‍
സൗദിയില്‍ പരമ്പരാഗത ശിക്ഷകള്‍ക്ക് പകരം ബദല്‍ശിക്ഷ നടപ്പാക്കാന്‍ നിര്‍ദേശം: ശിക്ഷയായി പൊതുസേവനവും സന്നദ്ധ പ്രവര്‍ത്തനവും
എഡിറ്റര്‍
Friday 3rd March 2017 9:35am

റിയാദ്: സൗദിയില്‍ പരമ്പരാഗത ശിക്ഷാമുറകള്‍ക്ക് പകരം ബദല്‍ ശിക്ഷ നടപ്പാക്കാന്‍ നിര്‍ദേശം. ചാട്ടവാറടി മൂന്നുവര്‍ഷത്തില്‍ കൂടാത്ത ജയില്‍ശിക്ഷ എന്നിവയ്ക്ക് ബദലായി പൊതുസേവനം, സന്നദ്ധ പ്രവര്‍ത്തനം എന്നിവ ശിക്ഷയായി നല്‍കാനാണ് നിര്‍ദേശം.

ബദല്‍ശിക്ഷ സംബന്ധിച്ച നിര്‍ദേശം നീതിന്യായ മന്ത്രാലയം മന്ത്രിസഭ വിദഗ്ധ സമിതിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്. സമൂഹത്തിന്റെയും അന്യായക്കാരന്റെയും അവകാശങ്ങളെ ഉറപ്പുവരുത്തി മാത്രമേ ബദല്‍ ശിക്ഷ നടപ്പാക്കൂ.

വിധി പ്രഖ്യാപിക്കുന്നതിനു മുമ്പ് ബദല്‍ശിക്ഷയില്‍ ഏതാണ് കുറ്റവാളിക്ക് യോജിച്ചതെന്ന് കണ്ടെത്താന്‍ അഭിഭാഷകര്‍, മനശാസ്ത്രജ്ഞര്‍, സാമൂഹിക ശാസ്ത്രജ്ഞര്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന വിദഗ്ധ സമിതിയുടെ മുമ്പില്‍ പ്രതിയെ ഹാജരാക്കും.


Also Read: ‘ മകളേ തെറ്റു പറ്റിയത് നിനക്കാണ്, ദൈവത്തിന് മുന്നില്‍ ആദ്യം നീയായിരിക്കും കുറ്റം ഏറ്റുപറയേണ്ടി വരിക’ : കൊട്ടിയൂര്‍ പീഡന കേസിലെ ഇരയെ അധിക്ഷേപിച്ച് സണ്‍ഡേ ശാലോം മാസിക


ജയില്‍ശിക്ഷയ്ക്കു പകരം വിധിക്കുന്ന വേതനരഹിത സാമൂഹിക, പൊതുസേവനങ്ങള്‍, സന്നദ്ധ പ്രവര്‍ത്തനം എന്നിവ ദിവസത്തില്‍ നാലുമണിക്കൂര്‍ തോതില്‍ പതിനെട്ടു മാസത്തില്‍ കൂടുതല്‍ ദീര്‍ഘിപ്പിക്കാവുന്നതല്ല.

പൊതു അവധികള്‍, അവധിയെടുക്കുന്ന ദിവസത്തിനു പകരം സേവനം ചെയ്യല്‍, താമസ സ്ഥലത്ത് നിന്ന് സേവനം ചെയ്യുന്നിടത്തേക്കുള്ള യാത്രാചെലവ് എന്നിവ ബദല്‍ശിക്ഷക്ക് വിധിക്കപ്പെട്ടവര്‍ക്ക് നിഷേധിക്കരുതെന്നും നിയമമന്ത്രാലയം സമര്‍പ്പിച്ച നിര്‍ദേശത്തില്‍ പറയുന്നു.

ശിക്ഷയുടെ ഭാഗമാണെങ്കില്‍ പോലും ഇത്തരം ശിക്ഷയ്ക്കിടെ സംഭവിക്കുന്ന അപകടങ്ങള്‍ക്കുള്ള ചിലവും രാജ്യം വഹിക്കണം. മൂന്നു വര്‍ഷത്തില്‍ കുറഞ്ഞ ജയില്‍ശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിക്ക് ജനവികാരം മാനിച്ച് പകുതി ജയില്‍ശിക്ഷ, പകുതി ബദല്‍ശിക്ഷ എന്നിങ്ങനെ വിധിക്കാന്‍ ന്യായാധിപന് അവകാശമുണ്ടെന്നും ബദല്‍ശിക്ഷാ നിയമത്തില്‍ പറയുന്നു.

പെരുമാറ്റ ദൂഷ്യങ്ങളില്ലാത്തവര്‍ക്ക് ശിക്ഷാ കാലയളവിന്റെ ആദ്യവര്‍ഷം ദിവസത്തില്‍ നിശ്ചിത സമയം ജയിലില്‍ ഹാജരാകണമെന്ന നിബന്ധനയോടെയും ബദല്‍ശിക്ഷ നല്‍കാമെന്ന് നിര്‍ദേശത്തില്‍ പറയുന്നു.

അതേസമയം ഏഴു വന്‍ കുറ്റകൃത്യങ്ങളെ ബദല്‍ശിക്ഷാ നിയമത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതിനു പുറമേ കുറ്റകൃത്യം ശരീഅത്ത് അനുസരിച്ചുള്ള ശിക്ഷയുടെ കീഴില്‍ വരുന്നതോ എതിര്‍കക്ഷി മൂന്നുവര്‍ഷത്തില്‍ കൂടുതല്‍ ജയില്‍ശിക്ഷ അനുഭവിക്കുകയോ ചെയ്ത വ്യക്തിയാണെങ്കില്‍, ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയാണെങ്കില്‍ ബദല്‍ശിക്ഷയില്‍ നിന്ന് ഒഴിവാക്കും.

പൊതുസുരക്ഷയെ ബാധിക്കുമെങ്കില്‍, മറ്റുള്ളവര്‍ക്ക് ദോഷകരമായി ഭവിക്കുമെങ്കില്‍ ബദല്‍ ശിക്ഷ നടപ്പാക്കില്ല. ഇരയെ വെല്ലുവിളിച്ച് സായുധരായി നടത്തുന്ന ആക്രമണങ്ങളിലും കുറ്റകൃത്യങ്ങളിലും ഏര്‍പ്പെടുന്നവര്‍ക്കും ബദല്‍ശിക്ഷ നല്‍കില്ല.

Advertisement