റിയാദ്: വിലക്ക് ലംഘിച്ച് വാഹനമോടിച്ച സൗദി യുവതിയുടെ ശിക്ഷ അബ്ദുള്ള രാജാവ് റദ്ദാക്കി. സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്കുള്ള ഡ്രൈവിങ് വിലക്ക് ലംഘിച്ച് വാഹനം ഓടിച്ച യുവതിയെ കോടതി 10 ചാട്ടവാറടിക്ക് ശിക്ഷിച്ചിരുന്നു. എന്നാല്‍ ഇവരുടെ ശിക്ഷ റദ്ദുചെയ്തതായി രാജാവ് അറിയിക്കുകയായിരുന്നു.

സൗദി രാജകുമാരന്‍ അല്‍വലീദ് ബിന്‍ തലാലിന്റെ ഭാഹ്യ അമിറ അല്‍ തവീല്‍ ട്വിറ്ററിലൂടെ അറിയിച്ചതാണീ കാര്യം. അറബ് ന്യൂസ് ചാനല്‍ അല്‍ അറേബ്യ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഗവണ്‍മെന്റില്‍ നിന്നോ, കോടതിയില്‍ നിന്നോ ഇതുസംബന്ധിച്ച പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കിക്കൊണ്ടുള്ള പ്രഖ്യാപനം നടത്തിയ ആളാണ് അബ്ദുള്ള രാജാവ്.

കഴിഞ്ഞ ജൂലായില്‍ തലസ്ഥാന നഗരിയായ റിയാദില്‍ കാറുമായി റോഡിലിറങ്ങിയ ഷയ്മ ജസ്തയ്‌ന (30) യെയാണ് ചാട്ടവാറടിക്ക് ശിക്ഷിച്ചത്. വാഹനമോടിക്കുന്നതിനുള്ള വിലക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്ത് ഏതാനും മാസങ്ങളായി സ്ത്രീകളുടെ നേതൃത്വത്തില്‍ പ്രചാരണം ശക്തിപ്പെട്ടുവരികയാണ്. വിമന്‍ ടു ഡ്രൈവ് എന്ന കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഒട്ടേറെ സ്ത്രീകള്‍ ഈയിടെ കാറുകളുമായി റോഡിലിറങ്ങിയിരുന്നു. റിയാദ് നഗരത്തില്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ വനിതാ ഡ്രൈവര്‍മാരെ തെരുവില്‍ കണ്ടുവരുന്നുണ്ട്.

ഡ്രൈവ് ചെയ്യുന്ന ദൃശ്യം വീഡിയോയില്‍ പകര്‍ത്തി ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത മനാല്‍ അല്‍ ഷെരീഫ് എന്ന വിമന്‍ ടു ഡ്രൈവ് പ്രവര്‍ത്തകയെ നേരത്തേ അറസ്റ്റുചെയ്ത് 10 ദിവസം പോലീസ് കസ്റ്റഡിയില്‍ പാര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതാദ്യമായാണ് കോടതി വാഹനമോടിച്ച സ്ത്രീക്കെതിരെ ശിക്ഷ വിധിക്കുന്നത്. വിധിക്കെതിരെ ഷയ്മ അപ്പീല്‍ നല്‍കിയിരുന്നു. വിമന്‍ ടു ഡ്രൈവിന്റെ ഏതാനും പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസ് നിലവിലുണ്ട്. ഇവരുടെ വിചാരണ ഈ വര്‍ഷാവസാനത്തോടെയുണ്ടാകുമെന്നാണ് കരുതുന്നത്.

ലോകത്ത് സ്ത്രീകള്‍ വാഹനമോടിക്കുന്നതിന് വിലക്കുള്ള ഒരേയൊരു രാജ്യമാണ് സൗദി അറേബ്യ. സ്ത്രീകള്‍ വാഹനമോടിക്കുന്നത് നിരോധിച്ചുകൊണ്ട് ഔപചാരിക നിയമമൊന്നും ഇല്ലെങ്കിലും കീഴ്‌വഴക്കത്തിന്റെയും മതാചാരങ്ങളുടെയും പേരുപറഞ്ഞാണ് സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത്.