എഡിറ്റര്‍
എഡിറ്റര്‍
എംബസിയുടെ ആരോപണങ്ങള്‍ കഴിവുകേട് മറച്ചുവെയ്ക്കാന്‍: ഫൊക്കാസ
എഡിറ്റര്‍
Friday 22nd November 2013 12:46pm

saudi-embassy

റിയാദ്: തങ്ങളെ അനധികൃത കടലാസു സംഘടനയായി ചിത്രീകരിച്ചു കൊണ്ട് പത്രവാര്‍ത്തകള്‍ നല്‍കിയ സൗദിയിലെ  ഇന്ത്യന്‍ എംബസ്സിക്കെതിരെ കടുത്ത പ്രത്യാക്രമണവുമായി ഫൊക്കാസ രംഗത്ത് വന്നു.

സൗദി അറേബ്യയിലെ ഇന്ത്യക്കാരായ പ്രവാസികളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍  എംബസ്സിക്കുള്ള ഭീരുത്വവും നിസ്സഹായാവസ്ഥയുമാണ് ഈ ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് ഫൊക്കാസ  ആരോപിച്ചു. റിയാദിലെ ഇന്ത്യന്‍ എംബസ്സിക്ക് ഒരു സംഘടനയെയും നിയമപരം, നിയമ വിരുദ്ധം, കടലാസ് സംഘടന എന്നിങ്ങനെ മുദ്ര കുത്താന്‍ അവകാശമില്ല. കാരണം തങ്ങള്‍ പ്രവര്‍ത്തിക്കുന്നത് സൗദി അറേബ്യയിലാണ്.

ഫൊക്കാസ പ്രസിഡന്റ് ആര്‍.മുരളീധരനും ജനറല്‍ സെക്രട്ടറി മാള മോഹിയുദ്ദീനും സംയുക്തമായി പുറത്തിറക്കിയ കുറിപ്പില്‍ എംബസ്സിയുടെ ആരോപണങ്ങളെ അക്കമിട്ടു നിഷേധിക്കുന്നതോടൊപ്പം കടുത്ത പ്രത്യാക്രമണവും നടത്തുന്നു.

പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധനയ്ക്ക് എതിരെ ഫൊക്കാസ  ഫയല്‍ ചെയ്ത ഒരു കേസ് ഈയിടെ കേരള ഹൈക്കോടതി ഫയലില്‍ സ്വീകരിക്കുകയുണ്ടായി. ആ കേസില്‍ റിയാദിലെ ഇന്ത്യന്‍ എംബസിയും എതിര്‍കക്ഷിയാണ്. ഇപ്പോഴത്തെ അടിസ്ഥാനരഹിതങ്ങളായ ആരോപണങ്ങള്‍ അതിന്റെ വെളിച്ചത്തിലാണെന്ന് ഫൊക്കാസ  ചൂണ്ടിക്കാട്ടുന്നു.

14 വര്‍ഷം മുന്‍പ് റിയാദില്‍ നിന്ന് സ്‌പോണ്‍സറോടൊപ്പം ദുരൂഹമായ സാഹചര്യത്തില്‍ കാണാതായ മലപ്പുറം സ്വദേശി ബേലാരി ഹംസയെ കണ്ടെത്തണമെന്ന സദുദ്ദേശത്തോട് കൂടിയാണ് കേന്ദ്ര പ്രവാസികാര്യ മന്ത്രാലയത്തിനു ഫൊക്കാസ കത്തയച്ചത്. എന്നാല്‍ കാണാതായ വ്യക്തിയെ കണ്ടെത്തുന്നതിന് സഹായിക്കാതെ അതിനായി മുമ്പിട്ടിറങ്ങുന്നവര്‍ക്കെതിരെ യാതൊരു ബന്ധവുമില്ലാത്ത അടിസ്ഥാന രഹിതങ്ങളായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് എംബസ്സി ചെയ്യുന്നത്.

ഫൊക്കാസക്കെതിരെ ആരോപിക്കപ്പെട്ട അന്യായമായി പണം പിരിക്കല്‍, നിയമ സഹായം വാഗ്ദാനം ചെയ്തു പണം പിടുങ്ങല്‍, വേലക്കാരികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, രണ്ടാം പാസ്‌പോര്‍ട്ട് വാഗ്ദാനം എന്നീ വിഷയങ്ങളില്‍ ഒന്നില്‍ പോലും തെളിവിന്റെ കണിക പോലും കണ്ടെത്താന്‍ എംബസ്സിക്ക് കഴിഞ്ഞിട്ടില്ല. അത് കൊണ്ടാണ് തരിമ്പും ലജ്ജയില്ലാതെ പൊതുജനങ്ങളില്‍ നിന്നും തങ്ങള്‍ക്കെതിരെ തെളിവ് ആവശ്യപ്പെടുന്നത്. പത്രക്കുറിപ്പില്‍ പറയുന്നു.

നിതാഖാത് ഇളവുകാലത്ത് നിയമപരമായ രേഖകള്‍ ഇല്ലാത്തവര്‍ക്ക് യാത്രാ രേഖകള്‍ നല്‍കി എന്നതല്ലാതെ സൗദി അറേബ്യയിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ നീറുന്ന പ്രശ്‌നങ്ങളില്‍ ഒന്നില്‍ പോലും ഫലപ്രദമായ പരിഹാരം കണ്ടെത്താന്‍ എംബസ്സിക്ക് കഴിഞ്ഞിട്ടില്ല. ന്യൂദല്‍ഹി കേന്ദ്ര പ്രവാസികാര്യ മന്ത്രാലയത്തില്‍ നിന്നും വ്യക്തമായ നിര്‍ദ്ദേശം ഉണ്ടായിട്ട് പോലും  സൗദി അറേബ്യയിലെ തടവറകളില്‍ നിയമ സഹായം ലഭിക്കാതെ കഴിയുന്ന വിചാരണ തടവുകാരായ ഇന്ത്യക്കാര്‍ക്ക് വേണ്ടി എംബസ്സി ഒന്നും ചെയ്തിട്ടില്ലെന്നും ഫൊക്കാസ  ആരോപിക്കുന്നു.

ഇളവ് സമയ പരിധിയുടെ ആദ്യ ദിവസങ്ങളില്‍ അംബാസഡര്‍ ഹാമിദ് അലി റാവു വിളിച്ചു കൂട്ടിയ സാമൂഹികപ്രവര്‍ത്തകരുടെ യോഗത്തില്‍ അനധികൃത തൊഴിലാളികളെ കണ്ടെത്തുന്നതിന് സാമൂഹിക പ്രവര്‍ത്തകരുടെ സഹായം സ്വീകരിക്കാമെന്ന ആശയം മുന്നോട്ടു വെച്ചത് ഫൊക്കാസയാണ്. ഓപ്പണ്‍ ഹൗസും ഫൊക്കാസയുടെ ആശയമായിരുന്നുവെന്നും പത്രക്കുറിപ്പില്‍ വിശദീകരിക്കുന്നു. എന്നാല്‍ സാമൂഹിക പ്രവര്‍ത്തകരെ ആകമാനം ഇടനിലക്കാരായി ചിത്രീകരിക്കുകയാണ് പിന്നീടുള്ള പത്ര ക്കുറിപ്പുകളിലൂടെ എംബസ്സി ചെയ്തത്.

ഇന്ത്യന്‍ എംബസ്സി ഒരു അന്വേഷണ ഏജന്‍സി അല്ലാത്തതിനാല്‍ ഇന്ത്യക്കാര്‍ക്കോ ഇന്ത്യക്കാരല്ലാത്തവര്‍ക്കോ എതിരായി യാതൊരു തരത്തിലുള്ള അന്വേഷണവും നടത്താന്‍ എംബസ്സിക്ക് കഴിയില്ലെന്നും ഫൊക്കാസ പറഞ്ഞു. സൗദി അധികൃതര്‍ അനുവദിക്കുന്നിടത്തോളം കാലം സൗദിയില്‍ നിന്ന് കൊണ്ട് തന്നെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ ഇന്ത്യയിലെയും സൗദിയിലെയും അധികാര കേന്ദ്രങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന് പരിഹാരം ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ഫൊക്കാസ  വ്യക്തമാക്കുന്നു.

Advertisement