റിയാദ്: പ്രവാചകനെ നിന്ദിച്ചുവെന്ന ആരോപണം നേരിടുന്ന പത്രപ്രവര്‍ത്തകനെതിരെ സൗദിസര്‍ക്കാര്‍ നിയമനടപടി ആരംഭിച്ചു. സൗദി അധികൃതര്‍ക്ക് മുമ്പാകെ ചോദ്യം ചെയ്യലിനായി ഹാജരാവാന്‍ ഇയാള്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു.

യുവപത്രപ്രവര്‍ത്തകനായ ഹംസ കാഷ്ഗരിക്കെതിരെയാണ് പ്രവാചകനിന്ദയ്ക്ക് നടപടിയെടുക്കുന്നത്. പ്രവാചകനെക്കുറിച്ച് ട്വിറ്ററില്‍ പോസ്റ്റുചെയ്ത വാചകങ്ങളാണ് ഹംസയ്‌ക്കെതിരെയുള്ള നടപടിക്കാധാരം.

Subscribe Us:

ഹംസയുടെ വിവാദ ട്വീറ്റ് ഇങ്ങനെ: ‘നിങ്ങളുടെ പിറന്നാള്‍ ദിനത്തില്‍, നിങ്ങളിലുള്ള വിപ്ലവകാരിയെ എനിക്കിഷ്ടമാണെന്ന് ഞാന്‍ പറയും. നിങ്ങള്‍ എല്ലായ്‌പ്പോഴും എനിക്കൊരു പ്രചോദനമായിരുന്നു. നിങ്ങള്‍ക്കു ചുറ്റുമുള്ള ദിവ്യത്വത്തിന്റെ പ്രഭാവലയം എനിക്കിഷ്ടമല്ല. നിങ്ങള്‍ക്കുവേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കില്ല.’

‘നിങ്ങളുടെ പിറന്നാള്‍ ദിനത്തില്‍, ഞാനെവിടെ തിരിഞ്ഞാലും നിങ്ങളെ കാണുന്നു. നിങ്ങളിലുള്ള ചിലവശങ്ങള്‍ എനിക്കിഷ്ടമാണ്. ചിലത് ഞാന്‍ വെറുക്കുന്നു. മറ്റുചിലത് എനിക്ക് മനസിലാക്കാന്‍ പറ്റുന്നില്ല.’

‘നിങ്ങളുടെ പിറന്നാള്‍ ദിനത്തില്‍, ഞാന്‍ നിങ്ങളെ വണങ്ങില്ല. കയ്യില്‍ ചുംബിക്കില്ല, മറിച്ച് സമതുല്യരെന്ന നിലയില്‍ ഞാന്‍ നിങ്ങളെ ഹസ്തദാനം ചെയ്യും, നിങ്ങള്‍ എന്നെ നോക്കി ചിരിക്കുന്നതുപോലെ നിങ്ങളെ നോക്കി ഞാന്‍ ചിരിക്കും. ഒരു കൂട്ടുകാരന്റെയടുത്തെന്ന പോലെ സംസാരിക്കും. അതിലപ്പുറം ഒന്നുമില്ല.’

ട്വിറ്ററിലെ പോസ്റ്റിലൂടെ പ്രവാചക നിന്ദ നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഹംസ കാഷ്ഗരിയ്‌ക്കെതിരെ സൗദി പബ്ലിക് പ്രോസിക്യൂട്ടര്‍ ഹരജി ഫയല്‍ചെയ്തതായി സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സോഷ്യല്‍നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെ കാഷ്ഗരിയുടെ വാദത്തെ പിന്തുണച്ചവരെ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയിലേക്ക് വിളിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സൊസൈറ്റിയുടെ അറ്റോര്‍ണി ജനറല്‍ എന്ന നിലയ്ക്ക് ഒരു പ്രതിയെ പ്രോത്സാഹിപ്പിക്കുന്നവരെയും പ്രതിയെ പ്രചോദിപ്പിക്കുന്നവരെയും വിളിപ്പിക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടേഴ്‌സിന് അധികാരമുണ്ടെന്ന് ഒരു നിയമവിദ്ഗനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പത്രപ്രവര്‍ത്തകന്റെ നടപടിയെ പിന്തുണച്ചവരും അദ്ദേഹത്തിനെപ്പോലെ കുറ്റക്കാരാണെന്നും അവരെയും വിചാരണയ്ക്ക് വിധേയനാക്കണമെന്നും ആവശ്യപ്പെട്ട് ഒരു വിഭാഗം സൗദിക്കാരും രംഗത്തെത്തിയിട്ടുണ്ട്. ‘ കാഷ്ഗരിയുടെ ട്വീറ്റിനെ പിന്തുണച്ചവരുടേത് ക്രിമിനല്‍ കുറ്റമായി കണക്കാക്കണം’ അഭിഭാഷകനായ ഖാദിദ് അബു റാഷിദ് ആവശ്യപ്പെട്ടു. പ്രവാചക നിന്ദ നടത്തിയ കാഷ്ഗരിക്ക് എന്ത് ശിക്ഷ നല്‍കുന്നുവോ അതേ ശിക്ഷ ഇവര്‍ക്കും നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു.

കാഷ്ഗരിയുടെ ട്വീറ്റ് വിവാദമായതിനുശേഷം മലേഷ്യയിലെ കോലാലംപൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ അദ്ദേഹം പിടിയിലായിരുന്നു. കാഷ്ഗരിയെ നാട്ടിലെത്തിക്കുന്നത് തടയാനായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ നിന്നും ഇഞ്ചക്ഷന്‍ ഓര്‍ഡര്‍ നേടിയിരുന്നു. എന്നാല്‍ അതിന് മുമ്പ് മലേഷ്യന്‍ അധികൃതര്‍ കാഷ്ഗരിയെ നാട്ടിലേക്ക് തിരിച്ചയക്കുകയാണുണ്ടായത്.

പോലീസിനും, അഭ്യന്തരമന്ത്രാലയത്തിനും, സുഭാംഗ് എയര്‍പോര്‍ട്ടിനും ഈ ഇഞ്ചക്ഷന്‍ ഓര്‍ഡര്‍ ബാധകമാണ്. അവര്‍ കാഷ്ഗരിയെ തിരിച്ചയക്കേണ്ടതാണ്. എന്നാല്‍ ഇങ്ങനെയൊരു ഇഞ്ചക്ഷന്‍ ഓര്‍ഡര്‍ ഉണ്ടായിരുന്നെന്ന കാര്യം അഭ്യന്തരമന്ത്രാലയം നിഷേധിക്കുകയാണുണ്ടായത്.

ജിദ്ദാ അസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ബിലാദ് ന്യൂസ്‌പേപ്പറിന്റെ കോളമിസ്റ്റാണ് കാഷ്ഗരി. വിവാദമുണ്ടായപ്പോള്‍ ഈ പത്രവും കാഷ്ഗരിയെ എതിര്‍ത്ത് ശക്തമായി രംഗത്തെത്തിയിരുന്നു.

ഏറെ യാഥാസ്ഥിതികരായ സൗദി അറേബ്യന്‍ ജനതയെ സംബന്ധിച്ച് പ്രവാചകനെ നിന്ദിക്കുക എന്നത് കൊലക്കുറ്റംവരെ ലഭിക്കാന്‍ സാധ്യതയുള്ള ക്രിമിനല്‍ കുറ്റമാണ്.

സംഭവം വിവാദമായതോടെ കാഷ്ഗരി ട്വിറ്ററിലൂടെ തന്നെ മാപ്പുപറഞ്ഞ് രംഗത്തെത്തിയിരുന്നു. ‘ ഞാനൊരു തെറ്റു ചെയ്തു. അല്ലാഹുവും ഞാന്‍ കാരണം വേദനിക്കപ്പെട്ട എല്ലാവരും എനിക്ക് മാപ്പുതരുമെന്ന് ഞാന്‍ കരുതുന്നു’ കാഷ്ഗരി ട്വീറ്റ് ചെയ്തു.