എഡിറ്റര്‍
എഡിറ്റര്‍
ഖത്തറുമായി ഐക്യപ്പെടാന്‍ പ്രാര്‍ത്ഥന നടത്തിയ മുസ്‌ലിം പണ്ഡിതരെ സൗദി അറസ്റ്റ് ചെയ്തു; 24 മണിക്കൂറിനുള്ളില്‍ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്തത് 22 പേരെ
എഡിറ്റര്‍
Tuesday 12th September 2017 9:40pm

ജിദ്ദ്: ഭരണകൂടത്തിനെതിരെ പ്രക്ഷോഭം നടത്തിയെന്നാരോപിച്ച് സൗദിയില്‍ രണ്ട് മുസലീം പണ്ഡിതരെ അറസ്റ്റ് ചെയ്തു. സല്‍മാന്‍ അല്‍ ഒദാഹ്, അവാദ് അല്‍ ഖര്‍നി എന്നിവരെയാണ് ഭരണകൂടം തടവിലാക്കിയതെന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മുന്‍ രാജാവ് ഫാഹ്ദിന്റെ മകന്‍ അബ്ദുല്‍ അസീസ് ബിന്‍ ഫാഹ്ദ് അല്‍ സൗദിനെയും തടഞ്ഞുവെച്ചിരിക്കുകയാണെന്നുള്ള വാര്‍ത്തകളുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 20 പേരെയാണ് സൗദിയില്‍ അറസ്റ്റ് ചെയ്തത്.

രാഷ്ട്രീയ മാറ്റത്തിനുവേണ്ടി പ്രക്ഷോഭം നടത്തിയതിന്റെ പേരില്‍ 1994-99 കാലയളവില്‍ ജയിലിലടച്ച മതനേതാവാണ് ഒദാഹ്. ട്വിറ്ററില്‍ 14 മില്യണ്‍ ഫോളോവേഴ്‌സാണ് ഒദാഹ്‌യ്ക്കുള്ളത്.


Also Read: നിയമം നടപ്പിലാക്കുന്നത് കാരുണ്യമില്ലായ്മയല്ല; റോഹിങ്ക്യകളെ നാടുകടത്തുന്നതിനെ ഐക്യരാഷ്ട്ര സഭയില്‍ ന്യായീകരിച്ച് കേന്ദ്രം


സൗദിയും ഖത്തറുമായുള്ള നയതന്ത്രബന്ധം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ഇസ്‌ലാമിക തീവ്രവാദികളെ പിന്തുണയ്ക്കുന്നെന്നാരോപിച്ച് സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ബഹ്‌റൈന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറിന് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.

ഒദാഹ്‌യെ ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ട്വിറ്ററില്‍ 2.2 മില്യണ്‍ ഫോളോവേഴ്‌സ് ഉള്ള അല്‍-ഖര്‍നിനിയും തടവിലാണെന്ന് റോയിറ്റേഴ്‌സും ഹഫ്‌പോസ്റ്റും റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്‌ലാമിക ഗ്രൂപ്പുകള്‍ രാജ്യത്തിന് ആഭ്യന്തര ഭീഷണി ഉയര്‍ത്തുകയാണെന്നാണ് സൗദി ഭരണകൂടത്തിന്റെ പക്ഷം.

മുസ്‌ലീം സാഹോദര്യം തകര്‍ക്കാനും ഭരണകൂടത്തെ അട്ടിമറിക്കാനും ശ്രമിച്ചതിനാണ് അറസ്റ്റ് എന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. സെപ്തംബര്‍ 15 ന് പ്രതിപക്ഷ പ്രവര്‍ത്തകര്‍ രാജകുടുംബത്തിനെതിരെ പ്രക്ഷോഭം നടത്തുന്നുണ്ട്.

നേരത്തെ സ്വവര്‍ഗ്ഗരതി മതത്തിന് നിഷിദ്ധമാണെങ്കിലും ക്രിമിനല്‍ കുറ്റമല്ലെന്ന് പരസ്യമായി പറഞ്ഞതോടെയാണ് ഒദാഹ് ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയായത്.

Advertisement