റിയാദ്: സൗദി അറേബ്യയില്‍ ഇനിയൊരിക്കലും പൊതുമാപ്പ് ഉണ്ടാകില്ലെന്ന പാസ്‌പോര്‍ട്ട് വകുപ്പ് മേധാവി ജനറല്‍ സുലൈമാന്‍ അല്‍ യഹ്യ പറഞ്ഞു. ഈ വര്‍ഷം അനുവദിച്ച പൊതുമാപ്പ് അവസാനിക്കാനിരിക്കേ ഏഴായിരത്തോളം നിയമലംഘകര്‍ രാജ്യം വിട്ടതായും അല്‍ യഹ്യ വ്യക്തമാക്കി.


Also read ഡി.ജി.പി ആസ്ഥാനത്ത് പൊലീസ് അതിക്രമം: ജിഷ്ണുവിന്റെ അമ്മ മഹിജയെ പൊലീസ് റോഡില്‍ വലിച്ചിഴച്ചു


റിയാദ് മലസിലെ പാസ്‌പോര്‍ട്ട് കേന്ദ്രം സന്ദര്‍ശിച്ച ശേഷമാണ് അല്‍ യഹ്യ പൊതുമാപ്പ് ഇനിയുണ്ടാകില്ലെന്ന് പറഞ്ഞത്. പൊതുമാപ്പിന്റെ അടിസ്ഥാനത്തില്‍ രാജ്യങ്ങളിലേക്ക് മടങ്ങിയതില്‍ ഏറ്റവും കൂടുതല്‍ പേര്‍ പാകിസ്ഥാന്‍ പൗരന്മാരാണെന്നും രണ്ടാംസ്ഥാനത്ത് ഇന്ത്യക്കാരാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

നിയമംലംഘിച്ച് രാജ്യത്ത് കഴിയുന്നവര്‍ക്ക് ശിക്ഷയില്ലാതെ നാട്ടിലേക്ക് തിരിക്കാനുള്ള അവസരമാണ് പൊതുമാപ്പിലൂടെ സൗദി നല്‍കുന്നത്. സന്ദര്‍ശന വിസയിലെത്തി രാജ്യത്ത് തങ്ങുന്നവരാണ് പൊതുമാപ്പ് പ്രകാരം മടങ്ങിയവരിലധികവും. നിയമ ലംഘകര്‍ക്കുള്ള അവസാന അവസരമാണിതെന്നും ഇത് പ്രയോജനപ്പെടുത്താതെ അനധികൃതായി തുടരുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുണ്ടാകുമെന്നും അല്‍ യഹ്യ മുന്നറിയിപ്പ് നല്‍കി.

പൊതുമാപ്പിന്റെ കാലാവധി കഴിയുന്നതോടെ രാജ്യത്തിന്റെ മുഴുവന്‍ പ്രവിശ്യകളിലും പരിശോധന ആരംഭിക്കുമെന്നും വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായത്തോടെ ശക്തമായ റെയ്ഡാകും നടക്കുകയെന്നും പറഞ്ഞ പാസ്‌പോര്‍ട്ട് വകുപ്പ് മേധാവി പിടിക്കപ്പെടുന്നവര്‍ക്കെതിരെ പിഴ ചുമത്തുമെന്നും വ്യക്തമാക്കി.