വിവാദ സ്വവര്‍ഗവിവാഹ വീഡിയോ: ഒരുകൂട്ടം യുവാക്കളെ അറസ്റ്റു ചെയ്തതായി സൗദി
Middle East
വിവാദ സ്വവര്‍ഗവിവാഹ വീഡിയോ: ഒരുകൂട്ടം യുവാക്കളെ അറസ്റ്റു ചെയ്തതായി സൗദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th January 2018, 10:09 am

 

ജിദ്ദ: “ഗേ വെഡ്ഡിങ് സീന്‍” എന്നു പറഞ്ഞ് പുറത്തുവന്ന വീഡിയോയില്‍ ഉള്‍പ്പെട്ട നിരവധി യുവാക്കളെ അറസ്റ്റു ചെയ്തതായി സൗദി രാജകുമാരന്‍. ഈ യുവാക്കളുടെ പേര് വെളിപ്പെടുത്താനോ അവര്‍ക്കെതിരെ ചുമത്തിയ കുറ്റം എന്താണെന്ന് വിശദീകരിക്കാനോ അധികൃതര്‍ തയ്യാറായിട്ടില്ലെന്ന് ബി.ബി.സി റിപ്പോര്‍ട്ടു ചെയ്യുന്നു.

കഴിഞ്ഞയാഴ്ചയാണ് സ്വവര്‍ഗ വിവാഹത്തിന്റേതെന്ന തരത്തില്‍ ഒട്ടേറെ യുവാക്കള്‍ പങ്കെടുത്ത ചടങ്ങിന്റെ വീഡിയോ പ്രചരിച്ചത്. വിവാഹത്തിനു ധരിക്കുന്ന തരത്തിലുള്ള വസ്ത്രം ധരിച്ച് യുവാക്കള്‍ നടന്നുനീങ്ങുമ്പോള്‍ വര്‍ണക്കടലാസുകള്‍ വിതറുന്നതാണ് വീഡിയോയിലുണ്ടായിരുന്നത്.

വീഡിയോയില്‍ ക്രോസ് ഡ്രസ് ചെയ്തു വന്നയാളെയും മറ്റുളളവരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് തിങ്കളാഴ്ച മക്ക പൊലീസ് പറഞ്ഞിരുന്നു. അവരെ അറസ്റ്റു ചെയ്യുകയും പ്രോസിക്യൂട്ടര്‍മാര്‍ക്ക് കൈമാറുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

വെള്ളിയാഴ്ച മക്കയിലെ ഒരു റിസോട്ടിലാണ് ഗേ വെഡ്ഡിങ് സീന്‍ നടന്നതെന്നാണ് മക്ക പൊലീസ് പറയുന്നത്.

ജന്റര്‍ ഐഡന്റിറ്റിയുമായോ ലൈംഗിക ചായ്‌വുമായോ ബന്ധപ്പെട്ട ഒരു എഴുതപ്പെട്ട നിയമവും സൗദി അറേബ്യയ്ക്ക് ഇല്ല. ഇത്തരം വിഷയങ്ങള്‍ സംശയിക്കുന്നവര്‍ക്കെതിരെ ഇസ്‌ലാമിക നിയമത്തിന്റെ തത്വങ്ങള്‍ ഉപയോഗിച്ചാണ് നടപടിയെടുക്കുന്നതെന്നാണ് യു.എസ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടന പറയുന്നത്.

2017 ഫെബ്രുവരിയില്‍ സൗദി പൊലീസ് 35 പാകിസ്ഥാനി പൗരന്മാരെ അറസ്റ്റു ചെയ്തിരുന്നു. ഇതില്‍ വലിയൊരു വിഭാഗം ട്രാന്‍സ്‌ജെന്റര്‍ യുവതികളായിരുന്നു. ഇതില്‍ മീനോ ബാജിയെന്ന യുവതി കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടിരുന്നു. അവരുടെ ശരീരത്തില്‍ മര്‍ദ്ദനത്തിന്റെ പാടുകളുണ്ടായിരുന്നു എന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്തുവന്നിരുന്നു. എന്നാല്‍ ഹാര്‍ട്ട് അറ്റാക്ക് കാരണമാണ് അവര്‍ മരിച്ചതെന്നാണ് സൗദിയുടെ ഔദ്യോഗിക വിശദീകരണം.