എഡിറ്റര്‍
എഡിറ്റര്‍
മക്ക തകര്‍ക്കാന്‍ ഹൂത്തി വിമതര്‍ പ്രയോഗിച്ച മിസൈല്‍ തകര്‍ത്തെന്ന് സൗദി അറേബ്യ
എഡിറ്റര്‍
Friday 28th October 2016 2:06pm

saudi2

റിയാദ്: ഇസ്‌ലാമിന്റെ വിശുദ്ധ നഗരമായ മക്ക ലക്ഷ്യമിട്ട് യെമനിലെ ഹൂത്തി വിമതര്‍ പ്രയോഗിച്ച മിസൈല്‍ തകര്‍ത്തെന്ന അവകാശവാദവുമായി സൗദി അറേബ്യ. വ്യാഴാഴ്ച പ്രാദേശിക സമയം രാത്രി ഒമ്പതോടെ സാദ പ്രവിശ്യയില്‍ നിന്നാണ് മിസൈല്‍ പ്രയോഗിച്ചതെന്നാണ് സൗദി നേതൃത്വത്തിലുള്ള സഖ്യം പറയുന്നത്.

എന്നാല്‍ സൗദിയുടെ എയര്‍ ഡിഫന്‍സ് സിസ്റ്റത്തിന് ലക്ഷ്യസ്ഥാനത്തിന് 65കിലോമീറ്റര്‍ അകലെവെച്ച് മിസൈലിനെ തകര്‍ക്കാന്‍ കഴിഞ്ഞെന്നും സൗദി അവകാശപ്പെടുന്നു. മിസൈല്‍ യാതൊരു കേടുപാടുമുണ്ടാക്കിയിട്ടില്ലെന്നും സൗദി അധികൃതര്‍ അറിയിച്ചു.

ഇറാന്റെ സഹായത്തോടെയാണ് വിമതര്‍ സൗദിക്കെതിരെ നൂതന സാങ്കേതിക വിദ്യകള്‍ പ്രയോഗിക്കുന്നതെന്ന് സൗദി പ്രതിരോധ വക്താവ് മേജര്‍ ജനറല്‍ അഹമ്മദ് അസീരി ആരോപിക്കുന്നു. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആണു മക്കയ്ക്കു നേരെ പ്രയോഗിച്ചതെന്നും അദ്ദേഹം പറയുന്നു.

സൗദിക്കെതിരെ മിസൈല്‍ പ്രയോഗിച്ചതായി ഹൂത്തിവിമതരും സ്ഥിരീകരിച്ചു. എന്നാല്‍ മിസൈല്‍ ലക്ഷ്യമിട്ടത് മക്കയെ അല്ലെന്നും ജിദ്ദയിലെ വിമാനത്താവളത്തെയായിരുന്നെന്നുമാണ് വിമതര്‍ പറയുന്നത്.

Advertisement