റിയാദ്: സൗദി അറേബ്യയില്‍ മൂന്ന് മാസത്തേക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചു. ഈ മാസം 29-ന് പ്രാബല്യത്തില്‍ വരുന്ന പൊതുമാപ്പിന്റെ ആനുകൂല്യം ഉപയോഗിച്ച് അനധികൃതമായി തങ്ങുന്നവര്‍ക്ക് കരിമ്പട്ടികയില്‍ പെടാതെ രാജ്യം വിടാന്‍ കഴിയും.

സൗദി കിരീടാവകാശിയും ആഭ്യന്തരമന്ത്രിയുമായ മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരനാണ് പൊതുമാപ്പ് പ്രഖ്യാപിക്കാന്‍ നിര്‍ദ്ദേശിച്ചത്. ഉംറ, ഹജ്ജ് വിസകളിലും സന്ദര്‍ശകവിസയിലും എത്തി കാലാവധി കഴിഞ്ഞും സൗദി അറേബ്യയില്‍ തങ്ങുന്നവര്‍ക്കാണ് പൊതുമാപ്പ് പ്രയോജനപ്പെടുക.


Also Read: ‘അങ്കമാലി ഡയറീസി’ലെ 11 മിനുറ്റ് ദൈര്‍ഘ്യമുള്ള ഒറ്റ ഷോട്ട് ക്ലൈമാക്‌സിനെ പറ്റി ക്യാമറാമാന്‍ ഗിരീഷ് ഗംഗാധരന്‍ പറയുന്നു


പൊതുമാപ്പ് പ്രഖ്യാപിച്ച് കാലപരിധിക്കുള്ളില്‍ രാജ്യം വിടുന്നവരെ ശിക്ഷാനടപടികളില്‍ നിന്ന് ഒഴിവാക്കും.
വിമാനത്താവളങ്ങളിലും തുറമുഖങ്ങളും കരാതിര്‍ത്തി പോസ്റ്റുകളും അടക്കമുള്ള അതിര്‍ത്തി പോസ്റ്റുകളിലെ ജവാസാത്ത് (പാസ്‌പോര്‍ട്ട് വിഭാഗം) കൗണ്ടറുകളില്‍നിന്ന് ഫൈനല്‍ എക്സിറ്റ് നല്‍കും.

രാജ്യം വിടുന്നവരുടെ വിരലടയാളവും കണ്ണിന്റെ അടയാളവും പരിശോധിക്കുകയും പോലീസ് അന്വേഷിച്ചു വരുന്നവരല്ലെന്ന് ഉറപ്പു വരുത്തുകയും ചെയ്ത ശേഷമാണ് അനധികൃത താമസക്കാര്‍ക്ക് എക്‌സിറ്റ് നല്‍കുക.