ന്യൂയോര്‍ക്ക്:യെമനിലെ ആക്രമണവുമായി ബന്ധപ്പെട്ടുണ്ടായ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്ക് ഇടയാക്കിയത് സൗദിയുടെ കീഴിലുള്ള സഖ്യം നടത്തിയ വ്യോമാക്രമണങ്ങളാണെന്ന് യു.എന്‍ റിപ്പോര്‍ട്ട്. 2017ല്‍ നടന്ന 10 വ്യോമാക്രമണങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ഐക്യരാഷ്ട്ര സംഘടനയുടെ പാനലാണ് ഇത്തരമൊരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്.
സൗദി വ്യോമാക്രമണത്തിന് ഇരയായവരില്‍ ഒരു കുടിയേറ്റ ബോട്ടും, നൈറ്റ് മാര്‍ക്കറ്റും, അഞ്ച് വീടുകളും, ഒരു മോട്ടലും, ഒരു വാഹനവും, ഒരു സര്‍ക്കാര്‍ സേവയുമുണ്ടെന്ന് പരിശോധനയുടെ അടിസ്ഥാനത്തില്‍ യു.എന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് അല്‍ജസീറ റിപ്പോര്‍ട്ടു ചെയ്യുന്നു.
‘യു.എന്‍ സെക്യൂരിറ്റഇ കൗണ്‍സിലിലുള്ള റിപ്പോര്‍ട്ട് ഇതുവരെ പരസ്യമാക്കിയിട്ടില്ല, എന്നാല്‍ അതിന്റെ കോപ്പി വായിക്കാന്‍ എന്നെ അനുവദിച്ചിരുന്നു. യെമനില്‍ യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന എല്ലാ രാജ്യങ്ങളേയും ശക്തമായി വിമര്‍ശിക്കുന്നതാണ് റിപ്പോര്‍ട്ട്.’ റിപ്പോര്‍ട്ടു വായിച്ച അല്‍ജസീറയുടെ നയതന്ത്ര എഡിറ്റര്‍ ജെയിംസ് ബെയ്സ് പറയുന്നു.
ഇത്തരം ആക്രമണങ്ങളുടെ യുക്തിയെന്താണെന്ന് സൗദി സഖ്യത്തോട് ആരാഞ്ഞിരുന്നെന്നും എന്നാല്‍ ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നും പാനല്‍ പറയുന്നു.
ഏകപക്ഷീയമായ അറശ്റ്റുകളും സ്വാതന്ത്ര്യ നിഷേധങ്ങളും വലിയ തോതില്‍ ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു പീഡനം മാത്രം നടക്കാറുണ്ടായിരുന്ന യു.എ.ഇ ക്യാമ്പുകളിലാണ് ഇത് കൂടുതലായി നടന്നതെന്നും പാനല്‍ പറയുന്നു.
‘മര്‍ദ്ദനം, വൈദ്യുതാഘാതം ഏല്‍പ്പിച്ചുള്ള വധം, കെട്ടിത്തൂക്കിയിടല് ചികിത്സ നിഷേധിക്കല്‍, കൂട്ടില്‍ പൂട്ടിയിടല്‍ തുടങ്ങിയവയെക്കുറിച്ചാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്.’ ജെയിംസ് ബെയ്സ് പറയുന്നു.