വിജയവാഡ: പീപ്പിള്‍സ് വാര്‍ ഗ്രൂപ്പ് സ്ഥാപകരിലൊരാളും ദളിത് നേതാവുമായ കെ.ജി സത്യമൂര്‍ത്തി (ശിവസാഗര്‍-90) അന്തരിച്ചു. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലെ കണ്ടുലപ്പാടിലായിരുന്നു അന്ത്യം. കുറച്ച് മാസമായി അദ്ദേഹം രോഗബാധിതനായിരുന്നു. പീപ്പിള്‍സ് വാര്‍ ഗ്രൂപ്പിന്റെ ബുദ്ധി കേന്ദ്രങ്ങളിലൊരാളായിരുന്നു ഇദ്ദേഹം ഏറെക്കാലം സംഘടനയുടെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. മറ്റൊരു സ്ഥാപക നേതാവായ കൊണ്ടപ്പള്ളി സീതാരാമയ്യയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ പിന്നീട് നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്ന് സംഘടന വിട്ട അദ്ദേഹം സര്‍ക്കാറിന് കീഴടങ്ങി ദലിതുകളെ സംഘടിപ്പിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു.

പഠനത്തിന് ശേഷം വിശാലാന്ദ്ര ഡെയ്‌ലിയില്‍ സബ് എഡിറ്ററായി പ്രവര്‍ത്തിച്ച അദ്ദേഹം പിന്നീട് യുവജനം പത്രത്തിന്റെ എഡിറ്ററായി. ജോലിയോടൊപ്പം രാഷ്ട്രീയ പ്രവര്‍ത്തനത്തിലും സജീവമായ അദ്ദേഹം നക്‌സല്‍ ബാരിയില്‍ ആകൃഷ്ടനായി സീതാരാമയ്യക്കൊപ്പം 1970ല്‍ വീപ്പിള്‍സ് വാര്‍ ഗ്രൂപ്പിന് രൂപം നല്‍കുകയായിരുന്നു.
ആന്ധ്രയിലെ ഭൂപ്രഭുക്കള്‍ക്കെതിരെ ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് പീപ്പിള്‍സ് വാര്‍ഗ്രൂപ്പ് പ്രവര്‍ത്തനം തുടങ്ങി. തെലുങ്കാന ഉള്‍പ്പെടെയുള്ള മേഖലകളിലെ ഗ്രാമങ്ങളില്‍ സഞ്ചരിച്ചാണ് സത്യമൂര്‍ത്തി യുവാക്കളെ സംഘടിപ്പിച്ചത്. ശിവസാഗര്‍ എന്ന തൂലികാനാമത്തില്‍ അദ്ദേഹം എഴുതിയ വിപ്ലവകവിതകള്‍ ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടാക്കി..

ഒരു ഘട്ടത്തില്‍ പോലീസ് സത്യമൂര്‍ത്തിയുടെ തലയ്ക്ക് 25000 രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. 1974ല്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. 1985ല്‍ സീതാരാമയ്യയുമായി ഉടലെടുത്ത പ്രത്യയശാസ്ത്രത്തര്‍ക്കം സത്യമൂര്‍ത്തിയെ പീപ്പിള്‍സ് വാര്‍ഗ്രൂപ്പില്‍ നിന്ന് അകറ്റി. ’87ല്‍ അദ്ദേഹം സംഘടനയില്‍ നിന്ന് പുറത്തായി.പിന്നീട് സമൂഹത്തിലെ അടിച്ചമര്‍ത്തലിനെതിരെ ദളിത് യുവാക്കളെ ഒന്നിപ്പിക്കാനാണ് സത്യമൂര്‍ത്തി ശ്രമിച്ചത്.

1992ല്‍ ഈ ലക്ഷ്യവുമായി അദ്ദേഹം ദളിത് ബഹുജന്‍ റിപ്പബ്‌ളിക് പാര്‍ട്ടിക്ക് രൂപം നല്‍കി. അവസാനകാലത്ത് ഇന്ത്യയിലെ ജാതിവ്യവസ്ഥയ്‌ക്കെതിരെ ശബ്ദമുയര്‍ത്തി വരികയായിരുന്നു. ഒട്ടേറെ കവിതാസമാഹാരങ്ങളുടെയും വിപ്ലവഗാനങ്ങളുടെയും കര്‍ത്താവാണ് സത്യമൂര്‍ത്തി. വിശാഖപട്ടണം ഉരുക്കുനിര്‍മാണ ശാലയ്‌ക്കെതിരെ നടന്ന സമരത്തിന് പ്രചോദനമായത് അദ്ദേഹത്തിന്റെ വിപ്ലഗാനങ്ങളിലൊന്നാണ്. രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമുണ്ട.

Malayalam News

Kerala News in English