അഹമ്മദാബാദ്: ഈ വിജയം സര്‍ക്കാര്‍ സംവിധാനങ്ങളെ പണവും അധികാരവും ഉപയോഗിച്ച് അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെ തന്ത്രങ്ങളുടെ പരാജയമാണെന്ന് ഗുജറാത്തില്‍ നിന്നും രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍. വോട്ടെണ്ണല്‍ പൂര്‍ത്തിയായശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സത്യമേവ ജയതേ’ എന്നു ട്വീറ്റു ചെയ്തുകൊണ്ടാണ് അദ്ദേഹം തന്റെ വിജയത്തോടു പ്രതികരിച്ചത്. ഇത് തന്റെ മാത്രം വിജയമമല്ലെന്നും സര്‍ക്കാര്‍ സംവിധാനങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ പരാജയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘ഇത് വളരെ കടുത്ത ഒരു തെരഞ്ഞെടുപ്പായിരുന്നു.’ അദ്ദേഹം പറഞ്ഞു.

പടക്കം പൊട്ടിച്ചും ദല്‍ഹിയിലും ഗുജറാത്തിലും മധുരം വിതരണം ചെയ്തുമാണ് കോണ്‍ഗ്രസ് പട്ടേലിന്റെ വിജയം ആഘോഷിച്ചത്.

മൂന്നുമണിയോടെയാണ് അഹമ്മദ് പട്ടേലിനെ ഔദ്യോഗികമായി വിജയിയായി പ്രഖ്യാപിച്ചത്.


Must Read: ‘നിങ്ങള്‍ക്കിതിപ്പോ പ്രദര്‍ശിപ്പിക്കണമായിരുന്നു; അതിനല്ലേ ഈ പെടാപ്പാട് ‘ കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രം ഷെയര്‍ ചെയ്ത ബോളിവുഡ് താരത്തിന് നേരെ ‘ആങ്ങളമാര്‍’


ബി.ജെ.പിക്കുവേണ്ടി വോട്ടു ചെയ്ത് അമിത് ഷായെ ബാലറ്റ് ഉയര്‍ത്തിക്കാട്ടിയ രണ്ട് കോണ്‍ഗ്രസ് വിമത എം.എല്‍.എമാരുടെ വോട്ട് തെരഞ്ഞെടുപ്പു കമ്മീഷന്‍ റദ്ദാക്കിയതും ഒരു ബി.ജെ.പി എം.എല്‍.എ കോണ്‍ഗ്രസിന് അനുകൂലമായി വോട്ടു ചെയ്തതുമാണ് അഹമ്മദ് പട്ടേലിന്റെ വിജയത്തില്‍ നിര്‍ണായകമായത്.

ജയം ദേശീയതലത്തില്‍തന്നെ കോണ്‍ഗ്രസിനു വലിയ പോരാട്ടത്തിനു ശക്തിപകരും. കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പി കൂടാരത്തിലേക്കു ചാടിയ ബല്‍വന്ത്‌സിങ് രാജ്പുത്തിനെയാണു അഹമ്മദ് പട്ടേല്‍ മലര്‍ത്തിയടിച്ചത്. അഹമ്മദ് പട്ടേല്‍ 44 വോട്ടുകള്‍ നേടി.

രാജ്യത്തെ എട്ടുമണിക്കൂറോളം മുള്‍മുനയില്‍ നിര്‍ത്തിയ നാടകീയ രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവിലായിരുന്നു അഹമ്മദ് പട്ടേലിന്റെ വിജയം പ്രഖ്യാപിച്ചത്.