ന്യൂദല്‍ഹി: അഴിമതിയെ വെളിച്ചത്തുകൊണ്ടുവരാന്‍ സഹായിക്കത്തക രീതിയിലുള്ള  സത്യമേവ ജയതെ എന്ന ടെലിവിഷന്‍ ഷോ ചെയ്ത ബോളിവുഡ് താരം അമീര്‍ ഖാന് പാര്‍ലമെന്റിലേക്ക് ക്ഷണം. ഈ വിഷയത്തില്‍ ഒരു തുറന്ന ചര്‍ച്ചയ്ക്കായാണ് അമീറിനെ പാര്‍ലമെന്റിലേക്ക് വിളിച്ചത്. വ്യാഴാഴ്ച രാവിലെ ഇതിനായി അമീര്‍ പാര്‍ലമെന്റില്‍ എത്തും.

പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി തലവനും രാജ്യസഭാ എം.പിയുമായ ശാന്തകുമാര്‍ ആണ് അമീറിനെ പാര്‍ലമെന്റിലേക്ക് ക്ഷണിച്ചത്.

ആരോഗ്യരംഗത്ത് നടക്കുന്ന അഴിമതിയെക്കുറിച്ച് പുറം ലോകത്തെ അറിയിക്കാനും പരിപാടിക്കായിരുന്നു. ഡോക്ടര്‍മാര്‍ തങ്ങളുടെ പ്രൊഫഷന് നിരക്കാത്ത രീതിയിലുള്ള പ്രവര്‍ത്തികള്‍ ചെയ്യുന്നതും ഇതൊന്നുമറിയാതെ അതിന്റെ ദുരന്തം ഏറ്റുവാങ്ങുന്ന രോഗികളെകുറിച്ചുമെല്ലാം ഷോയില്‍ വ്യക്തമാക്കുന്നുണ്ട്.

എന്നാല്‍ ഇതിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്തെത്തിയിട്ടുണ്ട്. ചിലര്‍ ചെയ്യുന്ന ദുഷ്‌ക്കര്‍മ്മത്തിന്റെ പേരില്‍ ആരോഗ്യമേഖലയെ കരിവാരിത്തേക്കുകയാണെന്നും ഇതിന് അമീര്‍ മാപ്പു പറയണമെന്നുമായിരുന്നു അവരുടെ വാദം.

ഗാര്‍ഹിക പീഡനത്തെ കുറിച്ചും കുട്ടികള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമത്തെ കുറിച്ചും എല്ലാം ഷോയില്‍ കാണിക്കുന്നുണ്ട്. ആരെയും വേദനിപ്പിക്കാനല്ലെന്നും സമൂഹത്തെ ബോധവല്‍ക്കരിക്കാന്‍ കഴിയുകയെന്നതാണ് ഈ ഷോയിലൂടെ ഉദ്ദേശിക്കുന്നതെന്നും അമീര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.