തിരുവനന്തപുരം: മാതാ അമൃതാനന്ദമയിയെ ആക്രമിക്കാന്‍ ശ്രമിച്ചതിന് ശേഷം മാനസികാരോഗ്യകേന്ദ്രത്തില്‍ മരിച്ച സത്‌നാം സിങ്ങിന്റെ  മരണവുമായി ബന്ധപ്പെട്ട് നാല് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതില്‍ പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ ജീവനക്കാര്‍ പ്രതിഷേധിച്ചു.

Ads By Google

രാവിലെ ഒരു മണിക്കൂറോളം ആശുപത്രിയില്‍ പ്രതിഷേധ ധര്‍ണ നടത്തിയ ജീവനക്കാര്‍ സ്ഥലത്തെത്തിയ ഡി.എം.ഒ യെ മുക്കാല്‍ മണിക്കൂറോളം തടഞ്ഞുവെച്ചു.

സത്‌നാമിന്റെ മരണത്തില്‍ ആശുപത്രി സൂപ്രണ്ടും ഡി.എം.ഒയും ഒത്തുകളിക്കുകയാണെന്ന് ആരോപിച്ച ജീവനക്കാര്‍ സത്‌നാം സിങ്ങിനെ പരിശോധിക്കാനോ കാണാനോ പോലും ആശുപത്രി സൂപ്രണ്ട് തയാറായില്ലെന്നും ചൂണ്ടിക്കാട്ടി.

സത്‌നാമിനെ ഒരിക്കല്‍ പോലും കാണാന്‍ ചെല്ലാതെ സൂപ്രണ്ട് പോലീസിന് നല്‍കിയ റിപ്പോര്‍ട്ടില്‍ കണ്ടതായി പറയുകയായിരുന്നുവെന്നും ജീവനക്കാര്‍ കുറ്റപ്പെടുത്തി. സത്‌നാം സിങ്ങിന്റെ മരണത്തില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ അനാസ്ഥയുണ്ടെന്നും എന്നാല്‍ ജീവനക്കാരെ മാത്രം ബലിയാടുകളാക്കുകയാണെന്നും ഇവര്‍ ആരോപിച്ചു.

സസ്‌പെന്‍ഷനിലായവര്‍ക്ക് ഒ.പി ഉള്‍പ്പെടെ 12 വാര്‍ഡുകളില്‍ ഡ്യൂട്ടിയുണ്ടായിരുന്നതായും പലപ്പോഴും അധികജോലി ചെയ്യുകയാണ് തങ്ങളെന്നും ഇവര്‍ പറഞ്ഞു.

വള്ളിക്കാവ് ആശ്രമത്തില്‍ വെച്ച് അമൃതാനന്ദമയിക്കുനേരെ പാഞ്ഞടുക്കാന്‍ ശ്രമിച്ചതിനാണ് ബിഹാര്‍ സ്വദേശിയായ സത്‌നാം സിങ്ങിനെ പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് കണ്ട് പോലീസ് പേരൂര്‍ക്കട മാനസിക ആരോഗ്യകേന്ദ്രത്തിലെത്തിക്കുകയായിരുന്നു. പിറ്റേ ദിവസമാണ് സത്‌നാമിനെ ആശുപത്രിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.