തിരുവനന്തപുരം: മാതാ അമൃതാനന്ദമയിയെ ആക്രമിച്ച സംഭവത്തില്‍ പൂജപ്പുര മാനസികാരോഗ്യ കേന്ദ്രത്തില്‍ മരിച്ച ബിഹാര്‍ സ്വദേശി സത്‌നാം സിങ് മാനിന്റെ മരണത്തിന് കാരണക്കാരെന്നു സംശയിക്കുന്ന ആറ് പേരെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു.

Ads By Google

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ജയില്‍ വാര്‍ഡന്‍ അടക്കം ആറു ജീവനക്കാരെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. സത്‌നാം സിങ്ങ് മരിക്കുന്ന സമയത്ത് ഇവര്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നു.

ജീവനക്കാരെ  ഡി.വൈ.എസ്.പി ഗോപകുമാര്‍ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്. അതിനിടെ ഐ.ജി ബി.സന്ധ്യ വളളിക്കാവില്‍ തെളിവെടുപ്പ് നടത്തി മരണകാരണത്തെ കുറിച്ചുള്ള ജില്ലാഭരണകൂടത്തിന്റെ റിപ്പോര്‍ട്ട് എ.ഡി.എം ആഭ്യന്തര വകുപ്പിന് കൈമാറി.

സത്‌നാം സിങ്ങിന്റെ ദുരൂഹ മരണത്തെ കുറിച്ച് അന്വേഷിക്കാന്‍ ബിഹാറില്‍ നിന്ന് ഉന്നതതല പൊലീസ് സംഘം ഉടന്‍ കേരളത്തിലെത്തുമെന്നാണ് അറിയുന്നത്. അതേസമയം സത്‌നാം സിങ് മാനിന്റെ മൃതദേഹം ബിഹാറില്‍ വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യും.

മാതാ അമൃതാനന്ദമയിയെ ആക്രമിക്കാന്‍ ശ്രമിച്ചതിന് ശേഷം ഇയാളെ കൊല്ലം ജില്ലാ ജയിലിലേക്കും പിന്നീട് അവിടുന്ന് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്കും മാറ്റുകയായിരുന്നു. ഇവിടെ വെച്ച് സ്ത്‌നാം ക്രൂരമര്‍ദ്ദനത്തിന് ഇരയാവുകയായിരുന്നു.

മാനസികാരോഗ്യ കേന്ദ്രത്തിലെ  രണ്ട് സുരക്ഷാ ജീവനക്കാരാണ് മര്‍ദനത്തിന് നേതൃത്വം നല്‍കിയതെന്നാണ് പൊലീസിനു ലഭിച്ച ആദ്യ വിവരം. അതിനിടെ, ആശുപത്രിയില്‍ ബഹളമുണ്ടാക്കിയ യുവാവിനെ വിഴിഞ്ഞം സ്വദേശിയായ ഒരു തടവുകാരന്റെ ഒപ്പം സെല്ലില്‍ പാര്‍പ്പിച്ചതായും അവിടെ ഇരുവരും ഏറ്റുമുട്ടിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.