Categories

അമൃതാനന്ദമയിയെ ആക്രമിക്കാന്‍ ശ്രമിച്ച സത്‌നാം സിങ്ങിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

തിരുവനന്തപുരം: മാതാ അമൃതാനന്ദമയിയെ ആക്രമിക്കാന്‍ തുനിഞ്ഞതിനെ തുടര്‍ന്ന് അറസ്റ്റിലായ  ബിഹാര്‍ സ്വദേശി സത്‌നാം സിങ് മാനിന്റെ (24)മൃതദേഹം നാട്ടിലേക്കുകൊണ്ടു പോയി. മൃതദേഹം ഇന്ന്‌
പുലര്‍ച്ചെ 5.20നുള്ള വിമാനത്തില്‍ കൊല്‍ക്കത്ത വഴിയാണ് നാട്ടിലേക്ക് കൊണ്ടുപോയത്.

കഴുത്തിലും തലച്ചോറിലുമേറ്റ മുറിവുകളാണ് സത്‌നാമിന്റെ മരണത്തിന് കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. എഴുപതോളം മുറിവുകളും പാടുകളുമാണ്‌ ശരീരത്തില്‍ ഉണ്ടായിരുന്നത്.

Ads By Google

സംഭവത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് ഐ.ജി ബി. സന്ധ്യയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. പോസ്റ്റ്‌മോര്‍ട്ടത്തിന്‌ ശേഷം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഗോപകുമാര്‍, മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ. സുനില്‍ കുമാറില്‍ നിന്ന്‌ മൊഴിയെടുത്തു.  യുവാവിനു മര്‍ദനമേറ്റതായി ഇദ്ദേഹം മൊഴി നല്‍കി. സത്‌നാം സിങ്ങിന്റെ അച്ഛന്‍ ഹരീന്ദ്രകുമാര്‍ സിങ്, അദ്ദേഹത്തിന്റെ സഹോദരന്‍ രാം സിങ്, സത്‌നാം സിങ്ങിന്റെ സഹോദരന്‍ ദീപ്കുമാര്‍ സിങ് എന്നിവരുടെയും മൊഴിയെടുത്തു.

മാനസികാരോഗ്യ കേന്ദ്രത്തില്‍ യുവാവിന് ക്രൂരമര്‍ദനമേറ്റതായാണ് ഇത് സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തിയ പേരൂര്‍ക്കട പൊലീസിന് ലഭിച്ച സൂചന. മാനസികാരോഗ്യ കേന്ദ്രത്തിലെ രണ്ട് സുരക്ഷാ ജീവനക്കാരാണ് മര്‍ദനത്തിന് നേതൃത്വം നല്‍കിയതെന്നാണ് പോലീസിന് ലഭിച്ച ആദ്യ വിവരം.

അതിനിടെ, ആശുപത്രിയില്‍ ബഹളം വെച്ച യുവാവിനെ വിഴിഞ്ഞം സ്വദേശിയായ ഒരു തടവുകാരന്റെ ഒപ്പം സെല്ലില്‍ പാര്‍പ്പിച്ചതായും അവിടെ ഇരുവരും ഏറ്റുമുട്ടിയതായും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. സംഭവത്തെ കുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്നാണ് ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്.

വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഫോറന്‍സിക് മേധാവി നാളെ കലക്ടര്‍ക്ക് കൈമാറും. ബിഹാര്‍ ഗയയില്‍ ഗട്ടിയ മുഹല്ല ഷേര്‍ഗാട്ടി സ്വദേശിയും രണ്ടാം വര്‍ഷ നിയമവിദ്യാര്‍ഥിയുമായ സത്‌നാം സിങ് രണ്ടുവര്‍ഷം മുന്‍പാണ് നാടുവിട്ടത്. യുവാവിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ അന്നുതന്നെ പോലീസില്‍ പരാതിപ്പെട്ടിരുന്നു. ആത്മീയ വിഷയങ്ങളില്‍ സത്‌നാമിന് താത്പര്യമുണ്ടായിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു.