ബംഗളൂരു: ബാഹുബലി രണ്ടാം ഭാഗത്തിനെതിരെ പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് നടന്‍ സത്യരാജ് കര്‍ണ്ണാടക നിവാസികളോട് മാപ്പ് പറഞ്ഞു. കാവേരി നദീജല തര്‍ക്കത്തില്‍ ഒമ്പതു വര്‍ഷം മുമ്പ് കര്‍ണ്ണാടകയെ അധിക്ഷേപിച്ച് സംസാരിച്ച വിഷയത്തിലാണ് സത്യരാജ് പരസ്യ മാപ്പ് പറഞ്ഞത്.


Also read പുലിമുരുകനെതിരായി നിലപാടെടുത്തിന്റെ പേരില്‍ തനിക്കെതിരെ നടന്നത് സംഘടിതമായ ആക്രമണം; ഷാനി പ്രഭാകര്‍ 


വിഷയത്തില്‍ കര്‍ണ്ണാടകയോട് പരസ്യമാപ്പ് പറയാത്ത പക്ഷം ചിത്രം കര്‍ണ്ണാകത്തില്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ കന്നട അനുകൂല സംഘടനകള്‍ ഉറച്ച് നിന്ന സാഹചര്യത്തിലാണ് സത്യരാജ് മാപ്പ് പറഞ്ഞത്.

ചിത്രം റീലീസ് ചെയ്യുന്ന ഏപ്രില്‍ 28ന് ബംഗളുരുവില്‍ ബന്ദിന് പ്രക്ഷോഭകര്‍ ആഹ്വാനം ചെയ്തിരുന്നു. ബാഹുബലിയ്ക്കെതിരായ പ്രതിഷേധം അവസാനിപ്പിക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് നേരത്തെ രാജമൗലി ട്വിറ്ററിലൂടെ ഒരു വീഡിയോ പുറത്തുവിട്ടിരുന്നെങ്കിലും സത്യരാജ് മാപ്പ് പറയാതെ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കില്ലെന്ന നിലപാടിലായിരുന്നു സംഘടനകള്‍.

ഞങ്ങള്‍ രാജമൗലിക്കോ ചിത്രത്തിനോ എതിരല്ലെന്നും. സത്യരാജ് നിരുപാധികം മാപ്പു പറയുന്നതുവരെ ഞങ്ങളുടെ പ്രതിഷേധം തുടരുമെന്ന് ഇന്നും കന്നഡ ചലവാലി വാതല്‍ പ്രസിഡന്റ് നാഗരാജ് പറഞ്ഞിരുന്നു. ഏപ്രില്‍ 28ന് ബംഗളുരുവില്‍ ബന്ദായിരിക്കുമെന്നും സംസ്ഥാനമെമ്പാടും പ്രതിഷേധ പ്രകടനങ്ങളും സംഘടിപ്പിക്കുമെന്നും സത്യരാജിന്റെ മാപ്പല്ലാതെ മറ്റൊന്നും ഞങ്ങള്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.