തിയേറ്റര്‍ / സത്യന്‍ അന്തിക്കാട്

സംവിധാനം തുടങ്ങിയ കാലം മുതല്‍ ഇളയരാജയുടെ സംഗീതം എന്നെ മോഹിപ്പിച്ചിരുന്നു. അന്നൊന്നും കരുതിയിരുന്നില്ല മഹാനായ ആ സംഗീതജ്ഞനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന്. ‘കൊച്ചു കൊച്ചു സന്തോഷങ്ങള്‍ ‘ എന്ന ചിത്രത്തിലാണ് ആദ്യം അത് സംഭവിച്ചത്. കേട്ടറിഞ്ഞതിനേക്കാള്‍ അതിശയിച്ചു. ഇളയരായുടെ സിദ്ധികള്‍ അടുത്തുനിന്ന് കണ്ടറിഞ്ഞപ്പോള്‍ .

Subscribe Us:

എല്ലാറ്റിനേക്കാളും അത്ഭുതകരമായി തോന്നിയത് അദ്ദേഹത്തിന്റെ വേഗമാണ്. ഫാസിലാണ് എന്നെ ഇളയരാജയ്ക്ക് പരിചയപ്പെടുത്തിയത്. കുറഞ്ഞത് ഒരാഴ്ചയെങ്കിലും ഞാന്‍ പാട്ടുകള്‍ക്കായി നീക്കിവെയ്ക്കാറുണ്ട്. ഒരാഴ്ച താമസിക്കാന്‍ തയ്യാറെടുത്താണ് ചെന്നൈയിലെത്തിയതും. രാവിലെ ഏഴുമണിക്കെത്തുമെന്ന് ഇളയരാജ പറഞ്ഞിരുന്നു. ഏഴെന്നു പറഞ്ഞാല്‍ അദ്ദേഹത്തിന് കൃത്യം ഏഴാണെന്ന് ഫാസില്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്തു.

പറഞ്ഞതുപോലെ ഏഴിന് തന്നെ അദ്ദേഹമെത്തി. ഞാന്‍ കഥ പറഞ്ഞു. പിന്നെ പാട്ടുകളുടെ സന്ദര്‍ഭങ്ങളും. അഞ്ചു പാട്ടുകളാണ് വേണ്ടിയിരുന്നത്. ധ്യാനനിരതനായി കഥയും സന്ദര്‍ഭങ്ങളും മനസിലുറപ്പിച്ച ഇളയരാജ പതിനൊന്നു മണിയോടെ സംഗീത സൃഷ്ടി പൂര്‍ത്തിയാക്കി. അവിശ്വസനീയമായിരുന്നു അത്. അഞ്ചുപാട്ടുകളുടെ സ്ഥാനത്ത് ഓരോ പാട്ടിനും അഞ്ചുവീതം വ്യത്യസ്ത ട്യൂണുകള്‍ . ഉടനെ ഞാന്‍ ഫാസിലിനെ വിളിച്ചു. ഫാസില്‍ അമ്പരപ്പില്ലാതെ പറഞ്ഞു. ”അതാണ് രാജ. വിരല്‍ ഹാര്‍മോണിയത്തില്‍ വെച്ചാല്‍ സംഗീതമേ വരൂ. മനസ്സില്‍ സംഗീതം മാത്രമേയുള്ളൂ.”

‘കോടമഞ്ഞിന്‍ താഴ്‌വരയില്‍ , ഘനശ്യാമ’ തുടങ്ങിയ മനോഹരഗാനങ്ങള്‍ ഇത്ര ചുരുങ്ങിയ സമയത്തിനകം പിറന്നതാണെന്ന് വിശ്വസിക്കാന്‍ ഇപ്പോഴും പ്രയാസം. അതിലെ എല്ലാ പാട്ടുകളും ഹിറ്റുകളായി.

വ്യക്തിപരമായി ഇളയരാജയുമായി അടുക്കുന്നത് മനസ്സിനക്കരെ എന്ന സിനിമയോടെയാണ്. കൊച്ചു കൊച്ചു സന്തോഷങ്ങളുടെ റീ റെക്കോഡിംഗ് വേളയില്‍ തന്നെ അദ്ദേഹത്തിന് എന്നോട് താല്പര്യം തോന്നിയിരുന്നെന്ന് തോന്നുന്നു. ‘മനസ്സിനക്കരെ’യുടെ കംപോസിംഗ് സമയമായപ്പോള്‍ രാജയെ കേരളത്തിലേക്ക് ക്ഷണിക്കണമെന്ന് തോന്നി. അദ്ദേഹം വരില്ലെന്ന് സുഹൃത്തുക്കളെല്ലാം പറഞ്ഞു. ചെന്നൈ പ്രസാദ് സ്റ്റുഡിയോയിലെ പ്രത്യേക മുറിയിലിരുന്നേ ഇളയരാജ കംപോസ് ചെയ്യാറുള്ളൂ. അടുത്ത് കേരളത്തിലേക്ക് വരാന്‍ പരിപാടിയുണ്ടോ’ എന്ന് ചോദിച്ചപ്പോള്‍ ‘ക്ലൈമറ്റ് എപ്പടി’ എന്നായിരുന്നു ഇളയരാജയുടെ ചോദ്യം. ‘നല്ല മഴയുണ്ട്. ഞങ്ങളുടെ നാടൊക്കെയൊന്ന് കാണാമല്ലോ’ എന്ന് പറഞ്ഞപ്പോള്‍ സമ്മതിച്ചു. ഒരുപക്ഷെ സ്‌നേഹത്തിന്റെ കാന്തശക്തികൊണ്ടാവാം ഇളയരാജ വന്നു. ജയറാമിന്റെ ഹൗസ്‌ബോട്ട് നേരത്തെ പറഞ്ഞുറപ്പിച്ചിരുന്നു. വേമ്പനാട്ട് കായലില്‍ ഒരു യാത്രയാവാമെന്ന് പറഞ്ഞപ്പോള്‍ രാജയ്ക്ക് കൊച്ചുകുട്ടിയുടെ ഉത്സാഹം. ഗിരീഷ് പുത്തഞ്ചേരിയും രഞ്ജന്‍ പ്രമോദും ഞാനും അദ്ദേഹത്തിനൊപ്പം ബോട്ടില്‍ . യാത്രയ്ക്കിടെ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു. അദ്ദേഹം കടന്നുവന്ന വഴികള്‍ , കവിതയോടുള്ള താല്‍പര്യം അങ്ങനെ പലതും.

ഉല്ലാസത്തിനാണ് യാത്ര തുടങ്ങിയതെങ്കിലും സിനിമയുടെ കഥകേട്ടപ്പോള്‍ ഉടന്‍ കംപോസിംഗ് എന്നാണ് പറഞ്ഞു. ജലപ്പരപ്പില്‍ നോക്കിയിരിക്കുമ്പോള്‍ രാജയില്‍ സംഗീതമുണരുന്നത് നേരിട്ട് കാണുകയായിരുന്നു ഞങ്ങള്‍ . ‘മെല്ലെയൊന്ന് പാടി നിന്നെ…’ എന്ന പാട്ടിന്റെ ഈണം അദ്ദേഹം മൂളിയപ്പോല്‍ അപൂര്‍വ സുന്ദരമായ ഒരു ഗാനത്തിന്റെ പിറവിക്കു ഞാന്‍ സാക്ഷ്യം വഹിക്കുകയായിരുന്നു. ജീവിതം സംഗീതത്തിനായി അര്‍പ്പിച്ച ഒരാളുടെ കൂടെ കലാപ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞതിന്റെ നിര്‍വൃതി വാക്കുകള്‍ക്കതീതം.

എന്റെ മുപ്പതു ചിത്രക്കള്‍ക്കു സംഗീതം പകര്‍ന്നത് ജോണ്‍സണാണ്. അദ്ദേഹവുമായി നല്ല ആത്മബന്ധവുമുണ്ട്. ഇളയരാജയെക്കൊണ്ട് പാട്ടുചെയ്യിക്കാമെന്ന് പറഞ്ഞപ്പോള്‍ ആദരവോടെയാണ് ജോണ്‍സണ്‍ അതുസമ്മതിച്ചത്. സംഗീതവുമയി ബന്ധമുള്ളവര്‍ക്കെല്ലാം അദ്ദേഹത്തോടു ബഹുമാനമാണ്. ഈയിടെ എം ജയചന്ദ്രനും പറഞ്ഞു; ഇളയരാജ ഗുരുതുല്യനാണെന്ന്. ഇപ്പോള്‍ ടി വി യിലൊക്ക പാട്ടുപാടിത്തുടങ്ങുന്ന കുട്ടികളും കൊതിക്കുന്നത് ഇളയരാജയുടെ സംഗീതസംവിധാനത്തില്‍ പാടാനാണ്. കാലാതിവര്‍ത്തിയായ സംഗീതമെന്നാല്‍ ഇതല്ലാതെ മറ്റെന്താണ്?

ഒരു കോഴിക്കോടന്‍ രാത്രി

sathyan anthikkad എന്നോടുള്ള സ്‌നേഹവായ്പ് കൊണ്ടാവണം ‘അച്ചുവിന്റെ അമ്മ’ എന്ന ചിത്രത്തിന്റെ നൂറാം ദിനാഘോഷത്തിന് അദ്ദേഹം വന്നത്. സിനിമ ചിത്രീകരിച്ച വീട്ടില്‍ വച്ച് വളരെ ലളിതമായ ചടങ്ങു മതിയെന്ന് ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു. ഇളയരാജയെ വിവരമറിയിക്കാമെന്ന് കരുതി മാത്രമാണ് വിളിച്ചത്. വരാന്‍ നിര്‍ബന്ധിച്ചില്ല ‘വന്നാല്‍ സന്തോഷം’ എന്നു മാത്രം പറഞ്ഞു. എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് തലേന്നു രാത്രി തന്നെ ഇളയരാജയെത്തി. അന്നു മുഴുവന്‍ അദ്ദേഹം ഹോട്ടലിലിരുന്ന് രമണമഹര്‍ഷിയെക്കുറിച്ചാണ് സംസാരിച്ചത്. തിരുവണ്ണാമല ഒരുമിച്ച് നടന്നുകയറണമെന്ന് പറഞ്ഞപ്പോള്‍ ആവേശത്തോടെ ഞാനും സമ്മതിച്ചു. പിന്നീട് ജയറാമാണ് പറഞ്ഞത് 11 കിലോമീറ്റര്‍ നടക്കാനുണ്ടെന്ന്.

വൈകീട്ടു തന്നെ കോഴിക്കോട് നഗരത്തില്‍ ഇറങ്ങി നടക്കണമെന്നായിരുന്നു ഇളയരാജയുടെ ആഗ്രഹം. ആളുകള്‍ തിരിച്ചറിയുമെന്ന് പറഞ്ഞ് ഞാന്‍ യാത്ര രാത്രിയിലേക്ക് മാറ്റി. വാസ്‌കോഡ ഗാമ കപ്പലിറങ്ങിയ സ്ഥലം കാണണമെന്നാണ് ഇരുട്ടായപ്പോള്‍ പറഞ്ഞത്. അങ്ങനെ ഞങ്ങള്‍ രാത്രി കാപ്പാട് കടല്‍ക്കരയിലേക്ക് പോയി. ഇരുളില്‍ കടല്‍ത്തീരത്ത് കൊച്ചുകുട്ടിയെപ്പോലെ തിരകള്‍ക്കു പുറകെ ഓടിയ ഇളയരാജ…… എന്റെ ജീവിതത്തിലെ അസുലഭ നിമിഷങ്ങളാണ് അവിടെ ചെലവിട്ടത്.

ദീപാവലിക്ക് പടക്കം വാങ്ങാന്‍ കാശില്ലാതെ തകരപ്പാട്ടയില്‍ കൊട്ടിയപ്പോള്‍ താളം പിറന്നുവെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇളയരാജ മഹത്തായ സിംഫണി ചെയ്യുന്നതില്‍ അതിശയമില്ല. കാരണം സംഗീതം മാത്രമേയുള്ളൂ അദ്ദേഹത്തിന്റെയുള്ളില്‍ .