സത്യന്‍ ചിത്രങ്ങളുടെ തനിയാവര്‍ത്തനം എന്നാണ് സ്‌നേഹവീട് നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. തിരക്കഥയെയാണ് പലരും കുറ്റപ്പെടുത്തിയത്. അതുകൊണ്ടുതന്നെ ഇനി തന്റെ തിരക്കഥയില്‍ സിനിമയെടുക്കുന്നില്ലെന്നാണ് സത്യന്‍ അന്തിക്കാടിന്റെ തീരുമാനം.

കഴിഞ്ഞ അഞ്ച് വര്‍ഷമായി സത്യന്‍ തന്റെ തിരക്കഥകളാണ് സിനിമയാക്കുന്നത്. എന്നാല്‍ അടുത്തിടെ ഇറങ്ങിയ മിക്ക ചിത്രങ്ങളും തന്റെ മുന്‍കാല സിനിമകളുടെ തനി ആവര്‍ത്തനമാകുന്നു എന്ന പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് തിരക്കഥ രചന മറ്റൊരാളെ ഏല്‍പ്പിക്കാന്‍ സത്യന്‍ തീരുമാനിച്ചിരിക്കുന്നത്.

Subscribe Us:

മുന്‍പ് സത്യന്‍ശ്രീനി കൂട്ടുകെട്ടില്‍ ഒട്ടേറെ നല്ല തിരക്കഥകള്‍ പിറന്നിരുന്നു. എന്നാല്‍ ശ്രീനിയ്ക്ക് തിരക്കേറിയതോടെ സ്വയം തിരക്കഥയെഴുതാന്‍ താന്‍ നിര്‍ബന്ധിതനാവുകയായിരുന്നുവെന്ന് സത്യന്‍ അന്തിക്കാട് പറയുന്നു. അടുത്ത ചിത്രം ഉടനുണ്ടാകുമെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.

അതിനിടെ നീണ്ട കാലത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി സത്യന്‍ അന്തിക്കാട് ഒരു ചിത്രമൊരുക്കുന്നുവെന്ന വാര്‍ത്ത തെറ്റാണെന്ന് സംവിധായകന്‍ പറഞ്ഞു. അത്തരമൊരു കഥയോ കഥാപാത്രങ്ങളോ രൂപപ്പെട്ടിട്ടില്ല. പക്ഷെ പറ്റിയ കഥ കിട്ടിയാല്‍ മമ്മൂട്ടിയെ നായകനാക്കാന്‍ ആഗ്രഹമുണ്ടെന്നും സത്യന്‍ അന്തിക്കാട് വെളിപ്പെടുത്തി.
malayalam news