Administrator
Administrator
സത്യസായി ബാബ അന്തരിച്ചു
Administrator
Sunday 24th April 2011 10:20am

പുട്ടപര്‍ത്തി: ആത്മായാചാര്യന്‍ സത്യസായിബാബ(85) സമാധിയായി. സത്യസായിബാബ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹയര്‍ മെഡിക്കല്‍ സയന്‍സസില്‍ രാവിലെ 7.30നായിരുന്നു അന്ത്യം . ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് മാര്‍ച്ച് 28നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഗുരുതരാവസ്ഥയിലായിരുന്നു.

കരള്‍ പ്രവര്‍ത്തനരഹിതമായതും, കുറഞ്ഞ രക്തസമ്മര്‍ദ്ദവുമാണ് മരണകാരണം.സായി ബാബയുടെ ഭൗതീകദേഹം വൈകിട്ട് ആറ് മുതല്‍ പൊതുദര്‍ശനത്തിന് വക്കും. പുട്ടപര്‍ത്തിയിലെ പ്രശാന്തി നിലയം ആശ്രമത്തില്‍ സായി കുല്‍വന്ത് ഹാളിലാകും പൊതുദര്‍ശനത്തിന് വക്കുക.  നാളെയും മറ്റെന്നാളും പൊതുദര്‍ശനത്തിന് സൗകര്യമുണ്ടാകുമെന്ന് മരണവിവരം അറിയിച്ച് ആശ്രമ അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

1926 നവംബര്‍ 23ന് ആന്ധ്രപ്രദേശിലെ പുട്ടപര്‍ത്തിയിലാണ് സത്യസായിബാബ ജനിച്ചത്. സത്യനാരായണ ഗുരു എന്നായിരുന്നു ആദ്യത്തെ പേര്‌. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഓരോ സംഭവങ്ങളും അസാധാരണമായിരുന്നു. സായിയെ  ഗര്‍ഭം ധരിച്ചതും പ്രസവുമെല്ലാം അത്ഭുതനിറഞ്ഞതായിരുന്നെന്ന് അമ്മ ഇശ്വരമ്മ പറയുമായിരുന്നു. കുട്ടിക്കാലത്തുതന്നെ അസാധാരണമായ അറിവ് മറ്റുകുട്ടികളില്‍ നിന്നും സായിയെ വ്യത്യസ്തനാക്കി. നാടകം, സംഗീതം, നൃത്തം, സാഹിത്യം എന്നീ മേഖലകളില്‍ മറ്റാര്‍ക്കുമില്ലാത്ത പ്രാഗത്ഭ്യവും അദ്ദേഹത്തിനുണ്ടായിരുന്നു. വായുവില്‍ നിന്നു ഭക്ഷണവും, മധുരപലഹാരങ്ങളും സൃഷ്ടിക്കാന്‍ തനിക്ക് കഴിയുമെന്ന് സായി പറയുമായിരുന്നു.

1940 മാര്‍ച്ച് 8നു ശേഷമുണ്ടായ സംഭവവികാസങ്ങളാണ് ദൈവത്തിന്റെ പ്രതിപുരുഷനായി, അല്ലെങ്കില്‍ അവതാരമായി സത്യസായി ബാബ വളരുന്നതിലേക്ക് നയിച്ചത്. അക്കാലത്ത് സഹോദരന്‍ ശേഷ്മരാജു ഉരവനൊടൊപ്പമായിരുന്നു സായിബാബ താമസിച്ചിരുന്നത്‌ . മാര്‍ച്ച് 8ന് സത്യയെ തേളുകുത്താനിടയായി. മണിക്കൂറുകളോളം ബോധമില്ലാതെ കിടന്ന സത്യ ഉണര്‍ന്നപ്പോള്‍ അദ്ദേഹത്തില്‍ കണ്ടത് അസാധാരണമായ പെരുമാറ്റങ്ങളായിരുന്നു.


വിതുമ്പലിന്റെയും ചിരിയുടേയും, നിശബ്ദതയുടേയും ബഹളത്തിന്റേയും അടയാളങ്ങള്‍ അദ്ദേഹത്തില്‍ ഒരുമിച്ച് കാണാന്‍ തുടങ്ങി. ഒരിക്കല്‍ പോലും പഠിക്കാത്ത സംസ്‌കൃത ശ്ലോകങ്ങള്‍ സത്യയുടെ കണ്ഡങ്ങളില്‍ നിന്നും പുറത്തേക്കു വന്നു. ഇത് ഹിസ്റ്റീരിയയുടെ തുടക്കമാകാമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. തുടര്‍ന്ന് സത്യയെ പുട്ടപര്‍ത്തിയിലേക്ക് കൊണ്ടുവന്ന് ഡോക്ടര്‍മാര്‍, ആത്മീയാചാര്യന്‍മാര്‍, തുടങ്ങിയവരുടെ ചികിത്സ തേടുകയും ചെയ്തു.

പിന്നീട് ഒരു വര്‍ഷത്തിനുശേഷം തനിക്ക് ഭൗതികലോകത്തുള്ള ആരുമായി ഒരു ബന്ധവുമില്ലെന്ന് സത്യ പ്രഖ്യാപിച്ചു. ഇതോടെ അദ്ദേഹത്തിനും ചുറ്റും ആരാധനയോടെ ജനങ്ങള്‍ പ്രവഹിക്കാന്‍ തുടങ്ങുകയായിരുന്നു.

ഇന്ന് 40,000 കോടിയിലധികം വരുന്ന സാമ്രാജ്യത്തിന്റെ ഉടമയാണ് ബാബ. മരണശേഷം അനന്തരാവകാശം ആര്‍ക്കെന്നുള്ള ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. മുമ്പ്  തന്റെ മരണത്തെ കുറിച്ചും പിന്‍ഗാമിയെ കുറിച്ചും ബാബ വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവചനം നടത്തിയിരുന്നു. സത്യ സായിബാബ എന്ന അവതാരം 96 വയസ്സില്‍ മാത്രമേ ഇഹലോകം വെടിയുകയുള്ളൂ എന്നും കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയില്‍ ‘പ്രേമസായി’ എന്ന പേരില്‍ അടുത്ത അവതാരം ഉണ്ടാകുമെന്നുമായിരുന്നു ആ പ്രവചനം. എന്നാല്‍ ആ പ്രവചനമാണ് ഫലിക്കാതെപോയത്.

സായിബാബയുടെ സാമ്രാജ്യം ലോകത്തിലെ 166 രാജ്യങ്ങളില്‍ പരന്ന് കിടക്കുകയാണ്. അതിന് 35,000 മുതല്‍ 40,000 കോടി രൂപ വരെ മൂല്യമുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.

ബാബയുടെ സാമ്രാജ്യത്തെ നിയന്ത്രിക്കുന്നത് അദ്ദേഹം തന്നെ ചെയര്‍മാനായ സത്യ സായി സെന്‍ട്രല്‍ ട്രസ്റ്റ് ആണ്. 1964ല്‍ രൂപീകരിച്ച ഈ ട്രസ്റ്റില്‍ ബാബയെ കൂടാതെ ബാബയുടെ സഹോദരപുത്രന്‍ ആര്‍ ജെ രത്‌നാകരന്‍, സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് പി എന്‍ ഭഗവതി, മുംബൈയിലെ വ്യാപാരി ഇന്ദുലാല്‍ ഷാ, ടിവിഎസ് മോട്ടോഴ്‌സിലെ വി ശ്രീനിവാസന്‍, സത്യസായി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ എസ് വി ഗിരി എന്നിവരാണ്.

ബാബയുടെ ബന്ധുക്കള്‍ പുട്ടപര്‍ത്തിയില്‍ തന്നെയാണ് കഴിയുന്നത്. എന്നാല്‍, സഹോദരന്‍ ജാനകിരാമയ്യയുടെ പുത്രന്‍ രത്‌നാകര്‍ മാത്രമാണ് ട്രസ്റ്റിലുള്ള ഏക അംഗം. ട്രസ്റ്റിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ രത്‌നാകര്‍ ശ്രമിക്കുന്നതിനാല്‍ മറ്റ് അംഗങ്ങളും ഇയാളുമായുള്ള ബന്ധം തീര്‍ത്തും വഷളായിരിക്കുകയാണ്. ഇതിനിടെ, മാസങ്ങളായി അവശനിലയിലായിരുന്ന ബാബയുടെ ആരോഗ്യം തീര്‍ത്തും മോശമായ ശേഷമാണ് അദ്ദേഹത്തെ ആശുപത്രിയിലാക്കിയത് എന്ന് കുടുംബാംഗങ്ങള്‍ ആരോപണം ഉന്നയിക്കുകയും ചെയ്തു. ബാബയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ട്രസ്റ്റ് അംഗങ്ങളെ കോടതിയില്‍ കയറ്റുമെന്ന് കുടുംബാംഗങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.

ട്രസ്റ്റ് അംഗങ്ങളെ കൂടാതെ ബാബയ്ക്ക് മേല്‍ സ്വാധീനമുള്ള മൂന്നോ നാലോ പേര്‍ കൂടി ഉണ്ട്. സത്യജിത്ത് എന്നയാളും ചക്രവര്‍ത്തി എന്ന റിട്ടയേര്‍ഡ് ഐ.എ.എസ് ഓഫീസറും ട്രസ്റ്റ് ബോര്‍ഡിലെ മുന്‍ അംഗം എസ്.വി ഗിരിയും ഇക്കൂട്ടത്തില്‍പ്പെടുന്നു. ഇതില്‍ ചക്രവര്‍ത്തി രത്‌നാകറിന്റെ അത്രതന്നെ സ്വാധീനമുള്ള ആളാണെന്നാണ് പറയപ്പെടുന്നത്.

അരുതാത്തത് സംഭവിച്ചാല്‍ ബാബയുടെ സ്വത്തുക്കളുടെ പിന്തുടര്‍ച്ചയെ ചൊല്ലി തര്‍ക്കം ഉണ്ടാകുമെന്ന ഊഹത്തോടെ ആന്ധ്രപ്രദേശ് സര്‍ക്കാരും രംഗത്തുണ്ട് എന്നതാണ് രസകരമായ മറ്റൊരു വസ്തുത! ട്രസ്റ്റ് ഏറ്റെടുക്കാന്‍ എന്തെങ്കിലും സാധ്യത നിലനിക്കുന്നുണ്ടോ എന്ന് സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. എന്നാല്‍, ഇതെല്ലാം അറിഞ്ഞിട്ടും അറിയാതെ തങ്ങളുടെ രക്ഷകന്റെ തിരിച്ചുവരവും കാത്തിരിക്കുകയായിരുന്നു ലക്ഷക്കണക്കിന് വരുന്ന ഭക്തജന ഹൃദയങ്ങള്‍!

Advertisement