പുട്ടപര്‍ത്തി: ആത്മീയാചാര്യന്‍ സത്യ സായിബാബയുടെ നില അതീവഗുരുതരമെന്നു മെഡിക്കല്‍ ബുളളറ്റിന്‍. അവയവങ്ങള്‍ക്ക് മരുന്നുകളോടുള്ള പ്രതികരണം തീരെ കുറഞ്ഞു. താഴ്ന്ന രക്തസമ്മര്‍ദവും കരളിന്റെ പ്രവര്‍ത്തനവും ആശങ്കാജനകമാണെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു.

ആന്ധ്ര സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദേശാനുസരണം മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും പ്രമുഖ നെഫ്രോളജിസ്റ്റുമായ ഡോ.രവി രാജുവിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘവും ബാബയെ പരിശോധിക്കുന്നുണ്ട്.

ലിവര്‍ പ്രവര്‍ത്തനരഹിതമായതും, കുറഞ്ഞ രക്തസമ്മര്‍ദ്ദവും ആശങ്കയുണ്ടാക്കുന്നെന്ന് സത്യസായി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹയര്‍ സയന്‍സസിന്റെ ഡയറക്ടര്‍ എ.എന്‍ സഫായ പറഞ്ഞു. അദ്ദേഹത്തെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും ഡോക്ടര്‍മാര്‍ നടത്തുന്നുണ്ടെന്നും സഫായ അറിയിച്ചു.

സായിബാബയുടെ നില വഷളായതോടെ പുട്ടവര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്താനായി സര്‍ക്കാര്‍ കൂടുതല്‍ സേനയെ അവിടേക്ക് അയച്ചു. കനത്ത സുരക്ഷാ സംവിധാനമാണ് ഇവിടെ ഏര്‍പ്പെടുത്തിയിട്ടുള്ളത്. നാലായിരത്തോളം പൊലീസുകാരെയാണു പ്രശാന്തിഗ്രാമത്തില്‍ വിന്യസിച്ചത്.

ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് മാര്‍ച്ച് 28നാണ് സായിബാബയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.