തിരുവന്തപുരം : മാതാ അമൃതാനന്ദമയിയെ ആക്രമിക്കാന്‍ ശ്രമിച്ച സത്‌നാം സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ട് പേരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു.

സത്‌നാം സിങ്ങിനെ താമസിപ്പിച്ച മാനസികാരോഗ്യ കേന്ദ്രത്തിലെ വാര്‍ഡന്‍ വിവേകാന്ദന്‍, അറ്റന്‍ഡര്‍ അനില്‍ കുമാര്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇരുവര്‍ക്കുമെതിരെ കൊലക്കുറ്റത്തിന് കേസ് ചുമത്തിയിട്ടുണ്ട്.

Ads By Google

സത്‌നാം സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും സസ്‌പെന്റ് ചെയ്ത നാല് പേരില്‍ വിവേകാനന്ദനും അനില്‍കുമാറുമുണ്ടായിരുന്നു. ഇവരുടെ  സസ്‌പെന്ഷനില്‍  പ്രതിഷേധിച്ച് ഇന്ന് രാവിലെ മാനസികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ ആശുപത്രിയില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തിയിരുന്നു.

സത്‌നാമിന്റെ മരണത്തില്‍ ആശുപത്രി സൂപ്രണ്ടും ഡി.എം.ഒയും ഒത്തുകളിക്കുകയാണെന്ന് ആരോപിച്ചായിരുന്നു ജീവനക്കാരുടെ പ്രകടനം. സത്‌നാം സിങ്ങിനെ പരിശോധിക്കാനോ കാണാനോ പോലും ആശുപത്രി സൂപ്രണ്ട് തയാറായില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
സത്‌നാമിനെ ഒരിക്കല്‍ പോലും കാണാന്‍ ചെല്ലാതെ സൂപ്രണ്ട് പോലീസിന് നല്‍കിയ റിപ്പോര്‍ട്ടില്‍ സത്‌നാമിനെ കണ്ടതായി പറഞ്ഞുവെന്നും സത്‌നാം സിങ്ങിന്റെ മരണത്തില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ അനാസ്ഥയുണ്ടെന്നും എന്നാല്‍ ജീവനക്കാരെ മാത്രം ബലിയാടുകളാക്കുകയാണെന്നും ഇവര്‍ ആരോപിച്ചിരുന്നു.