vd-satheesanകൊച്ചി: പാമോയില്‍ കേസ് പരിഗണിക്കുന്ന ജഡ്ജിക്കെതിരേ രാഷ്ട്രപതിക്ക് പരാതി നല്‍കിയ പി.സി. ജോര്‍ജിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് വിഡി സതീശന്‍ എം.എല്‍.എ. ഇത്തരം പ്രവണതകള്‍ മുളയിലേ നുള്ളണമെന്ന് സതീശന്‍ പറഞ്ഞു. യു.ഡി.എഫ് ഇക്കാര്യം വിശദമായി പരിശോധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഭരണഘടനാസ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താന്‍ ആരും ശ്രമിക്കരുത്. ഇത്തരം  പ്രവര്‍ത്തനങ്ങള്‍ യു.ഡി.എഫില്‍ വച്ചുപൊറുപ്പിക്കാന്‍ പാടില്ല. യു.ഡി.എഫ് നേതൃത്വം ഇക്കാര്യം ഗൗരവത്തോടെ പരിശോധിക്കുമെന്നാണ് പ്രതീക്ഷ. യു.ഡി.എഫിന് നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസിന് ക്ഷീണമുണ്ടാക്കുന്ന പ്രവൃത്തിയാണ് പി.സി. ജോര്‍ജിന്റേത്. ഉമ്മന്‍ചാണ്ടി പോലും അറിയാതെയാണ് ഇത്തരമൊരു സംഭവമുണ്ടായിരിക്കുന്നതെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.

കോടതി വിധി അനുകൂലമല്ലെങ്കില്‍ അതിന് ഭരണഘടനയില്‍ തന്നെ മറ്റ് പരിഹാരമാര്‍ഗങ്ങളുണ്ട്. ഇത്തരത്തില്‍ എല്ലാവരും രാഷ്ട്രപതിക്ക് പരാതി അയയ്ക്കാന്‍ പോയാല്‍ നാട്ടിലെ സ്ഥിതിയെന്താകുമെന്നും സതീശന്‍ ചോദിച്ചു. ഇങ്ങനെയാണെങ്കില്‍ എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ സി.പി.ഐ.എമ്മും പിണറായി വിജയനും സ്വീകരിച്ച നിലപാടുകളെ ന്യായീകരിക്കേണ്ടിവരുമെന്നും അന്ന് അതിനെ കോണ്‍ഗ്രസ് എതിര്‍ക്കുകയായിരുന്നുവെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.