എഡിറ്റര്‍
എഡിറ്റര്‍
അവര്‍ക്കെന്നെ ജയിലിലാക്കാം; പാര്‍ട്ടിയോടുള്ള സ്‌നേഹം അറുത്തുമാറ്റാനാവില്ല: മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ശശികല
എഡിറ്റര്‍
Wednesday 15th February 2017 10:52am

ചെന്നൈ: തന്നെ പാര്‍ട്ടിയില്‍ നിന്നും അകറ്റാന്‍ ആര്‍ക്കും കഴിയില്ലെന്ന് അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ ശശികല. ഞാന്‍ എവിടെയാണെന്നത് വിഷയമല്ല, എന്റെ മനസില്‍ എപ്പോഴും പാര്‍ട്ടിയെ കുറിച്ചുള്ള ചിന്തകള്‍ മാത്രമായിരിക്കുമെന്നും ശശികല പറയുന്നു.

അവര്‍ക്ക് എന്നെ ജയിലിലാക്കാം. എന്നാല്‍ ജനങ്ങളോടും പാര്‍ട്ടിയോടുമുള്ള എന്റെ സ്‌നേഹം ഇല്ലാതാക്കാനാവില്ല. ഞാന്‍ ജയിലില്‍ കിടക്കുകയാണെങ്കില്‍ പോലും എന്റെ ചിന്ത എപ്പോഴും പാര്‍ട്ടിയേയും ജനങ്ങളേയും കുറിച്ചായിരുന്നു.

ചൊവ്വാഴ്ച്ച വൈകീട്ട് ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ കഴിയുന്ന പാര്‍ട്ടി എംഎല്‍എമാരെ സന്ദര്‍ശിച്ച ശേഷമായിരുന്നു ശശികലയുടെ വാര്‍ത്താ സമ്മേളനം.

തനിക്കെതിരായ സ്വത്തുസമ്പാദന കേസിനു പിന്നില്‍ ഡി.എം.കെയാണെന്നും ശശികല ആരോപിച്ചു. തമിഴ് ജനതയ്ക്കിടയില്‍നിന്ന് ഡിഎംകെയെ തൂത്തെറിയുന്ന കാര്യത്തില്‍ എംഎല്‍എമാര്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ശശികല ആവശ്യപ്പെട്ടു


ഒരുപാടു പ്രശ്‌നങ്ങള്‍ക്കിടയിലാണെങ്കിലും ഇപ്പോഴും എം.എല്‍.എമാര്‍ തന്നെ പിന്തുണയ്ക്കുന്നതില്‍ സംതൃപ്തിയുണ്ടെന്നും അവര്‍ പറഞ്ഞു.

ജയലളിത ഇപ്പോഴും തന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നുണ്ടെന്നും ശശികല പറഞ്ഞു. ‘ഞാന്‍ ഇവിടെ വന്നപ്പോള്‍(റിസോര്‍ട്ടില്‍) അണികള്‍ എന്നെ ഒരു കുടിലേക്ക് വിളിച്ചു.

അവിടെ അമ്മയുടെ ഫോട്ടോ ആണ് എന്നെ എതിരേറ്റത്. ജനങ്ങളുടെ മനസിലാണ് അമ്മ ജീവിക്കുന്നത്.’- ശശികല കൂട്ടിചേര്‍ത്തു.

തമിഴ്‌നാട്ടില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ ശശികല ഇന്ന് കോടതിയില്‍ കീഴടങ്ങിയേക്കും. ഉച്ചയോടെ ബംഗളൂരു കോടതിയിലെത്തി കീഴടങ്ങാനാണ് സാധ്യത. രണ്ട് ദിവസമായി എം.എല്‍.എമാരെ പാര്‍പ്പിച്ചിട്ടുള്ള കൂവത്തൂരിലെ റിസോര്‍ട്ടില്‍ തുടര്‍ന്ന ശശികല ഇന്നലെ രാത്രിയോടെയാണ് പോയസ് ഗാര്‍ഡനില്‍ തിരിച്ചെത്തിയത്.

അതിനിടെ പാര്‍ട്ടിക്കുള്ളിലെ രാഷ്ട്രീയ പോരാട്ടത്തിനു തുടക്കംകുറിച്ച മറീന ബീച്ചിലെ ജയാ സ്മാമാരകത്തില്‍ തമിഴ്‌നാട് കാവല്‍ മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം വീണ്ടുമെത്തി. തന്നെ അനുകൂലിക്കുന്ന നേതാക്കള്‍ക്കും ജയലളിതയുടെ സഹോദരപുത്രി ദീപയ്ക്കുമൊപ്പമായിരുന്നു സന്ദര്‍ശനം. സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം തന്റെ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയതായി ദീപ പ്രഖ്യാപിച്ചു.

Advertisement