എഡിറ്റര്‍
എഡിറ്റര്‍
ശശികല വീണ്ടും ജയലളിതയുടെ തോഴി; പോര് രാഷ്ട്രീയ അന്തര്‍നാടകം?
എഡിറ്റര്‍
Saturday 31st March 2012 12:26pm

ചെന്നൈ: ജയലളിത-ശശികല പോര് രാഷ്ട്രീയ അന്തര്‍നാടകമായിരുന്നുവെന്ന ആരോപണം ശരിവെക്കുന്ന രീതിയില്‍ ശശികലയെ തിരിച്ചെടുക്കാന്‍ ജയലളിത തീരുമാനിച്ചു. തോഴി ശശികലയെ എ.ഡി.എം.കെയില്‍ നിന്ന് പുറത്താക്കിയ നടപടി പിന്‍വലിക്കാനാണ് തീരുമാനം. നേരത്തെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയലളിതക്ക് അനുകൂലമായി കോടതിയില്‍ ശശികല സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് തിരിച്ചെടുക്കലുണ്ടായിരിക്കുന്നത്.

ജയലളിതയെ ദ്രോഹിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും എ.ഡി.എം.കെയിലെ ചിലര്‍ തങ്ങളെ തമ്മില്‍ തെറ്റിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നുവെന്നും ശശികല 28ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലും വ്യക്തമാക്കിയിരുന്നു. ‘അക്ക’യുടെ (ജ്യേഷ്ഠത്തി) അനുജത്തിയായി പോയസ് ഗാര്‍ഡനിലെ വസതിയില്‍ കഴിയാനാണ് ആഗ്രഹമെന്നും 1984ല്‍ ആദ്യം കണ്ടതുമുതല്‍ ജയലളിത തന്നെ സഹോദരിയായി അംഗീകരിച്ചുവെന്നും ശശികല വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു. 1988 മുതല്‍ പോയസ് ഗാര്‍ഡനിലെ വസതിയില്‍ ജയലളിതക്കൊപ്പം താമസിച്ചുവന്നു. ചില ബന്ധുക്കളും സുഹൃത്തുക്കളും തന്റെ പേര് ദുരുപയോഗപ്പെടുത്തുകയായിരുന്നു. ഇത്തരം ആളുകളുമായുള്ള ബന്ധം മുറിച്ചുകളഞ്ഞു. ഇനിയുള്ള കാലവും കഴിയുന്ന സഹായങ്ങള്‍ ചെയ്ത് അവരോടൊപ്പം കഴിയാനാണ് ഇഷ്ടപ്പെടുന്നത് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു.

ഡിസംബറിലാണ് ശശികല, ഭര്‍ത്താവ് നടരാജന്‍, ടി.വി.ദിനകരന്‍, ജയലളിതയുടെ ദത്തുപുത്രന്‍ വി.എന്‍.സുധാകരന്‍, വി.ഭാസ്‌കരന്‍, എസ്.വെങ്കിടേഷ്, രാവണന്‍, എം.രാമചന്ദ്രന്‍, മോഹന്‍, കുലോത്തുംഗന്‍, രാജരാജന്‍, ദിവാകര്‍ എന്നിവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. പാര്‍ട്ടിയില്‍ മേധാവിത്വം പിടിച്ചടക്കി ജയലളിതയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അട്ടിമറിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന് ആരോപിച്ചാണ് ശശികലയെയും ബന്ധുക്കളെയും ജയലളിത പുറത്താക്കിയത്. നടരാജനെതിരെ നിരവധി കേസുകളും പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയലളിതയ്‌ക്കൊപ്പം ശശികലയും ബാംഗ്‌ളൂര്‍ കോടതിയില്‍ വിചാരണ നേരിടുകയാണ്.

അതേസമയം, ബംഗളൂരു കോടതിയിലെ അനധികൃത സ്വത്തു കേസിന്റെ പശ്ചാത്തലത്തില്‍ ശശികലയെയും കൂട്ടരെയും ജയലളിത പുറത്താക്കിയത് നാടകമാണെന്ന് നേരത്തേ ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ശശികലയുടെ തിരിച്ചുവരവ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഹ്ലാദത്തോടെയല്ല സ്വീകരിക്കുന്നത്. ശശികലയെയും കുടുംബത്തെയും ‘മണ്ണാര്‍ക്കുടി മാഫിയ’ എന്നാണ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ച് വരുന്നത്. എ.ഐ.എ.ഡി.എംകെ ഭരണകാലത്തും അല്ലാതെയും ശശികല ഇടനിലക്കാരിയായി പ്രവര്‍ത്തിക്കുന്നുവെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആരോപണം.

Malayalam News

Kerala News in English

Advertisement