ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന എ.ഐ.എ.ഡി.എം.കെ മുന്‍ നേതാവ് വി.കെ. ശശികലയ്ക്ക് പരോള്‍ ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ആശുപത്രിയില്‍ കഴിയുന്ന ഭര്‍ത്താവിനെ സന്ദര്‍ശിക്കാനാകും ഇവര്‍ പുറത്തിറങ്ങുക.

കരള്‍ മാറ്റിവെക്കുന്നതിനായി ആശുപത്രിയില്‍ കഴിയുന്ന ഭര്‍ത്താവിനെ സന്ദര്‍ശിക്കുന്നതിന് പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ശശികല കഴിഞ്ഞ ദിവസം അപേക്ഷ നല്‍കിയിരുന്നു. ശശികല അപേക്ഷ സമര്‍പ്പിച്ചതായും ചൊവ്വാഴ്ച പുറത്തിറങ്ങിയേക്കുമെന്നും എ.ഐ.എ.ഡി.എം.കെ ശശികല വിഭാഗം നേതാവ് ടി.ടി.വി ദിനകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.


Also Read: ‘കേരളാ നമ്പര്‍1’; മോദിയുടെ സ്വച്ഛ് ഭാരത് പദ്ധതിയിലും മുന്നില്‍ കേരളം; ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പദ്ധതി നിര്‍വഹണത്തില്‍ പരാജയമെന്നും റിപ്പോര്‍ട്ട്


15 ദിവസത്തെ പരോളിനാണ് അപേക്ഷിച്ചിട്ടുള്ളതെന്നും എന്നാല്‍ എത്ര ദിവസത്തെ പരോള്‍ ലഭ്യമാകുമെന്ന കാര്യത്തില്‍ ഉറപ്പില്ലെന്നുമാണ് ദിനകരന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

എ.ഐ.എ.ഡി.എം.കെയില്‍ പളനിസ്വാമി വിഭാഗവും പനീര്‍ശെല്‍വം വിഭാഗവും ഒന്നായതിന് പിന്നാലെ ദിനകരന്‍ തേൃത്വം നല്‍കുന്ന ശശികല വിഭാഗം സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയും മുന്നണിയെ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ചെന്നൈയില്‍ ചികിത്സയിലുള്ള ഭര്‍ത്താവിനെ കാണുന്നതിനായി ശശികല പുറത്തിറങ്ങാന്‍ പോകുന്നത്.