തിരുവനന്തപുരം: വി.ഡി സതീശന്‍ എം.എല്‍.എയ്‌ക്കെതിരെ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല വനിതാ കമ്മിഷനില്‍ പരാതി നല്‍കി. തനിയ്‌ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണമാണ് ഉന്നയിച്ചിട്ടുള്ളതെന്നും ഇതുമൂലം അഭിമാനത്തിന് ക്ഷതമേറ്റെന്നും ശശികലയുടെ ഹര്‍ജിയില്‍ പറയുന്നു.

പറവൂരിലെ വിവാദ പ്രസംഗത്തിന്റെ പേരില്‍ കേസ് നേരിടുന്നതിന്റെ പശ്ചാത്തലത്തിലാണ് ശശികലയുടെ പരാതി.നിലവിലുള്ള കേസിന്റെ വിശദാംശങ്ങള്‍ സംസ്ഥാന പോലീസ് മേധാവിയില്‍ നിന്ന് വാങ്ങി എം.എല്‍. എയെ വിളിച്ചു വരുത്തി അന്വേഷണം നടത്തണമെന്ന് ശശികല ഹര്‍ജിയില്‍ പറയുന്നു.


Also Read: ആവശ്യമെങ്കില്‍ ബി.ജെ.പിയുമായും കൈകോര്‍ക്കും; നിലപാടുകളില്‍ മലക്കംമറിഞ്ഞ് കമല്‍ ഹാസന്‍


എം.എല്‍.എ തന്റെ പ്രസംഗം കേട്ടിട്ടില്ലെന്നും ശശികല ചൂണ്ടിക്കാട്ടി. പരാതിയില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്ന് വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി. ജോസഫൈന്‍ അറിയിച്ചു.

നേരത്തെ പറവൂരില്‍ എഴുത്തുകാര്‍ക്കൊക്കെ മൃത്യുഞ്ജയ ഹോമം നടത്തുന്നതാണ് നല്ലതെന്ന് ശശികല പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. ഇതിനെതിരെ വിദ്വേഷപരമായ പ്രസംഗം നടത്തി എന്നു ചൂണ്ടിക്കാണിച്ചാണ് സതീശന്‍ പരാതി നല്‍കിയത്.