എഡിറ്റര്‍
എഡിറ്റര്‍
സി.പി.ഐ.എമ്മിന്റെ കാല്‍ചുവട്ടിലാണ് സാംസ്‌ക്കാരിക നായകന്‍മാര്‍ ; തുപ്പല്‍ കോളാമ്പിയുടെ അവസ്ഥയാണ് സി.പി.ഐക്ക്: ശശികല
എഡിറ്റര്‍
Friday 3rd February 2017 2:00pm

sasikala1

തിരുവനന്തപുരം: ഇടതുമുന്നണിയേയും സാംസ്‌ക്കാരിക നായകന്‍മാരേയും രൂക്ഷമായി വിമര്‍ശിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല.

ആട്ടിന്‍തോലിട്ട ചെന്നായ് ആയിട്ടാണ് കേരളത്തില്‍ കമ്മ്യൂണിസം എത്തിയതെന്നും അത് ഇപ്പോള്‍ അതിന്റെ തനി സ്വരൂപം കാണിക്കുകയാണെന്നും ശശികല പറയുന്നു. നമ്മള്‍ ഇത്രയും കാലം ചെന്നത് ആടിന്റെ അടുത്തല്ല എന്ന കാര്യം ഇപ്പോഴാണ് പലരും തിരിച്ചറിയുന്നത്. നീലച്ചായത്തില്‍ വീണ കുറുക്കനെപ്പോലെ ഇതെന്തോ പ്രത്യേക ജീവിയാണെന്ന് മലയാളി ധരിച്ചുപോയി.

1940 കളില്‍ നമുക്കുണ്ടായിരുന്ന ധാരണ നമ്മുടെ രക്ഷക്കുണ്ടായ അവതാരമാണ് ഇത് എന്നായിരുന്നു. നമ്മുടെ ദാരിദ്ര്യം നീക്കാന്‍ വേണ്ടി വന്ന അവതാരമായാണ് കമ്മ്യൂണിസത്തെ പലരും കണ്ടത്. നമ്മുടെ കേരളത്തെ മുന്നോട്ട് നയിക്കാന്‍ വേണ്ടി വന്ന അവതാരമാണ് എന്നൊക്കെ തെറ്റിദ്ധരിച്ച് ഇക്വിലാബ് സിന്ദാബാദിന്റെ അര്‍ത്ഥമറിയില്ലെങ്കിലും എന്താണ് കമ്മ്യൂണിസം എന്ന് അറിയില്ലെങ്കിലും വലിയ തോതിലുള്ള ജനങ്ങള്‍ അതിനൊപ്പം ചെന്നു. അവിടെയാണ് ആകുറുക്കന്‍ വിജയിച്ചതെന്നും ശശികല പറയുന്നു.

കണ്ണൂരിലെ അക്രമത്തിന് ഇരുപാര്‍ട്ടികളും ഉത്തരവാദികളാണെന്ന് പറഞ്ഞ ശശികല രണ്ട് കൈയും കൂട്ടിയിടിച്ചാലേ ശബ്ദം വരൂ എന്നും പറഞ്ഞു. ഒരു കൂട്ടര്‍ നിര്‍ത്തിയാല്‍ തീര്‍ന്നു. ഒരു കൈ കൊട്ടിയാലുണ്ടാകുന്ന ശബ്ദം സന്തോഷത്തിന്റേതാണ്. വെറുതെ നിര്‍ക്കുന്നവന്റെ മുതുകത്ത് കൊടുത്താല്‍ കേള്‍ക്കുന്നതാണ് ദു:ഖത്തിന്റേയും ദുരിതത്തിന്റേയും ശബ്ദം. അതാണ് കണ്ണൂര്‍ അടക്കമുള്ളിടത്ത് നിന്ന് കേള്‍ക്കുന്നത്. – ശശികല പറയുന്നു.

കേരളത്തിലെ സാംസ്‌ക്കാരിക നായകന്‍മാരേയും ശശികല രൂക്ഷമായി വിമര്‍ശിച്ചു. സി.പി.ഐ.എമ്മിന്റെ കാല്‍ച്ചുവട്ടില്‍ കിടക്കുന്ന സാംസ്‌ക്കാരിക നായകന്‍മാര്‍ എന്താണ് സാധനമെന്ന് തനിക്കറിയില്ലെന്നും എന്താണ് സാംസ്‌ക്കാരിക നായകന്‍മാരുടെ ബഹുവചനം എന്നും അറിയില്ലെന്നും ശശികല പറയുന്നു.


അടിമകളായി കഴിയുന്ന അവര്‍ക്ക് സ്വാതന്ത്ര്യം ഉണ്ടോ? പാര്‍ട്ടി പറയുന്നിടത്ത് ഒപ്പിട്ടാല്‍ ജീവിക്കാം. പാര്‍ട്ടി ഇരിക്കാന്‍ പറയുമ്പോള്‍ ഇരിക്കണം നില്‍ക്കാന്‍ പറയുമ്പോള്‍ നില്‍ക്കണം കിടക്കാന്‍ പറയുമ്പോള്‍ കിടക്കണം. ഇതാണ് അവരുടെ സ്വാതന്ത്ര്യം.  ഇടതുപക്ഷത്തിന് വേണ്ടി മാത്രം ചിന്തിക്കുന്ന തലയും പറയുന്ന നാവുമായിരുന്നു ഇവിടെ പലര്‍ക്കും ഉണ്ടായിരുന്നത്. എപ്പോഴെങ്കിലും അതിന് വിരുദ്ധമായി ചിന്തിക്കുകയോ അവര്‍ക്കെതിരെ പറയുകയോ ചെയ്തവരെ എത്തരത്തിലാണ് അക്രമിച്ചതെന്ന് നമ്മളെല്ലാവരും കണ്ടതാണ്. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് സക്കറിയ.- ശശികല പറയുന്നു.

സി.പി.ഐ.എം എന്ന പാര്‍ട്ടിയുടെ അക്രമം നേരിട്ടിട്ടില്ല എന്ന് പറയാന്‍ പറ്റുന്ന ഒരു പ്രസ്ഥാനം ഇവിടെയുണ്ടോ? കൂടെ കിടക്കുന്ന സി.പി.ഐ പറയുമോ? വേറൊരു വഴിയുമില്ലാത്തതുകൊണ്ടാണ്. ഒറ്റയ്ക്ക് പാര്‍ക്കാന്‍ ഒരു വഴിയുണ്ടെങ്കില്‍ പണ്ടേ അവര്‍ മൊഴി ചൊല്ലി അവര്‍ അവരുടെ വഴി നോക്കിപ്പോകുമായിരുന്നു.

അതെങ്ങനെയാ നാലും മൂന്നും ഏഴാള് കൊടിയും വടിയും തൂക്കി പോകാന്‍ പറ്റില്ലല്ലോ അതുകൊണ്ട് മാത്രം കാല്‍ചുവട്ടില്‍ കിടന്ന് ചവിട്ടും തൊഴിയും കൊള്ളുകയാണ്. വായയുടെ ചുവട്ടില്‍വെച്ച തുപ്പല്‍ കോളാമ്പിയുടെ അവസ്ഥയാണ് സി.പി.ഐക്ക് വേറൊരു വഴിയും ഇല്ലാത്തതുകൊണ്ട് അവിടെ ഇരിക്കുന്നു എല്ലാം സഹിക്കുന്നു.

മുസ്‌ലീം ലീഗിന്റെ പിറകെ വായില്‍വെള്ളവും ഒലിപ്പിച്ച് സി.പി.ഐ.എം നടക്കുന്നുണ്ട്. മുസ്‌ലീം ലീഗിന്റെ ചിഹ്നം കണ്ടിട്ടില്ലേ കോണിയാണ്. ഈ കോണിയുടെ പ്രത്യേകത വലത്തോട്ട് തിരിച്ചുവെച്ചാല്‍ വലത്തോട്ട് കയറാം. ഇടത്തോട്ട് തിരിച്ചുവെച്ചാല്‍ ഇടത്തോട്ട് കയറിപ്പോകാം. ഇന്നടത്തേക്കൂ ചെരിക്കൂ എന്ന് ആ കോണിക്ക് ഒരു നിര്‍ബന്ധവുമില്ല. ആര് എടുത്ത് ചെരിച്ചാലും അങ്ങോട്ട് പോകും. ഇനി അഥവാ നാളെ ഇടത്തോട്ട് ചലിച്ചാലോ അത് വിചാരിച്ച് മാത്രം അവരുടെ പിറകെ നടക്കുകയാണെന്നും ശശികല കുറ്റപ്പെടുത്തുന്നു.

എപ്പോഴാണ് എസ്.എഫ്.ഐക്കാരനും ഡി.വൈ.എഫ്.ഐക്കാരനും മാര്‍ക്‌സിസ്റ്റ് ആവുക, ആരെയെങ്കിലും ഒക്കെ കൊന്നിട്ട് ആ വെളുത്ത കൊടിയില്‍ ചുവന്ന രക്തം പുരട്ടി ചെങ്കൊടി പിടിക്കാനാവുമ്പോഴേ അവന്‍ മാര്‍ക്‌സിസ്റ്റ് ആവുള്ള. അതുവരെ ഡി.വൈ.എഫ്.ഐ ആണ്.

കണ്ണൂരില്‍ കോടിയേരിയുടെ പ്രസംഗവേദിയില്‍ ആര്‍.എസ്.എസുകാര്‍ ബോംബ് പൊട്ടിച്ചു എന്ന തരത്തിലുള്ള കള്ളങ്ങള്‍ പ്രചരിപ്പിക്കാന്‍ ആ പാര്‍ട്ടിക്ക് മാത്രമേ കഴിയുള്ളൂവെന്നും ശശികല കുറ്റപ്പെടുത്തുന്നു.

Advertisement