എഡിറ്റര്‍
എഡിറ്റര്‍
‘ശിരോവസ്ത്രം ഇന്ത്യയുടെ സംസ്‌കാരമല്ല, അറബികളുടേത്’; അടുത്തിരിക്കുന്നത് സ്ത്രീയോ പുരുഷനോ എന്ന് തിരിച്ചറിയാനുള്ള അവകാശം ശിരോവസ്ത്രം തടയുന്നുവെന്ന് കെ.പി ശശികല
എഡിറ്റര്‍
Sunday 28th May 2017 2:27pm

കൊല്ലം: ശിരോവസ്ത്രത്തിലൂടെ അടുത്തിരിക്കുന്നത് സ്ത്രീയോ പുരുഷനോ എന്ന് തിരിച്ചറിയാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുകയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികല. ഇത് രാജ്യത്തിന്റെ സംസ്‌കാരമല്ല അറബി സംസ്‌കാരമാണെന്നും പറഞ്ഞ ശശികല, എല്ലായിടത്തും അറബികളുടെ വേഷവും, സംസ്‌കാരവും വ്യാപിക്കുകയാണെന്നും പറഞ്ഞു. സ്ത്രീകള്‍ക്കുവേണ്ടി ഉണ്ടാക്കിയ പബ്ലിക് കംഫേര്‍ട്ട് സ്റ്റേഷനില്‍ നമ്മോടൊപ്പം കയറുന്നയാള്‍ സ്ത്രീ തന്നെയാണെന്നതിന് എന്ത് ഉറപ്പാണെന്നും ശശികല ചോദിക്കുന്നു.

കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രമായ മഹാഭാരതത്തിനെതിരേയും ശശികല രംഗത്തെത്തിയിരുന്നു. എം.ടിയുടെ രണ്ടാമൂഴം സിനിമയാക്കുമ്പോള്‍ അതിന് മഹാഭാരതം എന്ന് പേരിടേണ്ടതില്ലെന്നായിരുന്നു ശശികല പറഞ്ഞത്.


Also Read: മലപ്പുറത്ത് വിഗ്രഹം തകര്‍ത്തതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ നടത്തിയത് വന്‍കലാപത്തിനുള്ള ആഹ്വാനം; സംഘപരിവാറിന്റെ പാഴായിപ്പോയ നീക്കങ്ങള്‍ ഇങ്ങനെ


സ്വന്തം കഥാപാത്രങ്ങളുടെ രൂപവും ഭാവവും നിശ്ചയിക്കാനും നിലനിര്‍ത്താനും എഴുത്തുകാരന് അവകാശമുണ്ട്. മഹാഭാരതത്തോട് യോജിച്ച് നില്‍ക്കാത്ത കഥക്ക് മഹാഭാരതം എന്ന് പേരിടാന്‍ അനുവദിക്കില്ല. നോവലിന്റെ പേര് രണ്ടാമൂഴമാണെന്നതിനാല്‍ ചിത്രത്തിന് രണ്ടാമൂഴം എന്ന് തന്നെ പേരിടണം. ചെമ്മീനും, അരനാഴികനേരവും, ഓടയില്‍ നിന്നുമെല്ലാം സിനിമയായപ്പോള്‍ അതേ പേര് തന്നെയല്ലേ ഉപയോഗിച്ചത്. ബൈബിള്‍ സിനിമയാക്കിയപ്പോള്‍ ഡാവിഞ്ചികോഡ് എന്നായിരുന്നു പേര്. എന്തേ ബൈബിള്‍ എന്നിട്ടില്ലെന്നും ശശികല ചോദിച്ചിരുന്നു.

എം.ടി വാസുദേവന്‍നായരുടെ തന്നെ നിര്‍മാല്യം എന്ന സിനിമ ഇറങ്ങിയ കാലത്ത് ഹിന്ദുസംഘടനകള്‍ ശക്തമായിരുന്നില്ലെന്നും
അതുകൊണ്ടാണ് വെളിച്ചപ്പാട് വിഗ്രഹത്തില്‍ തുപ്പുന്നത് അന്ന് എതിര്‍ക്കപ്പെടാതെ പോയതെന്നും ശശികല പറഞ്ഞിരുന്നു.

ഏതൊരാള്‍ക്കും ഉളളത് പോലെ ആവിഷ്‌കാര സ്വാതന്ത്ര്യം വ്യാസനും ഹിന്ദുഐക്യവേദിക്കുമുണ്ട്. ലോക ഗുരുവായ വ്യാസന്റെ രചനയാണ് മഹാഭാരതം. അതിന് അതിന്റെതായ പവിത്രതയുണ്ടെന്നും ശശികല പറയുകയുണ്ടായി.

Advertisement