തിരുവനന്തപുരം: വിവാദ കരിമണല്‍ വ്യവസായി എസ്.എന്‍ ശശിധരന്‍ കര്‍ത്തയെ പത്മശ്രീ പുരസ്‌കാരത്തിനായി സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ശിപാര്‍ശ ചെയ്തു. കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ടു വിവാദത്തിലായ കൊച്ചിന്‍ മിനറല്‍സ് ആന്റ് റൂട്ടെയില്‍സ് ലിമിറ്റഡ് (സി.എം.ആര്‍.എല്‍ ) ചെയര്‍മാനാണ് കര്‍ത്ത. കഴിഞ്ഞ വര്‍ഷം പത്മ പുരസ്‌കാരങ്ങള്‍ക്ക് കേരള സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തവരില്‍ കര്‍ത്തയുടെ പേരുണ്ടായിരുന്നത് വന്‍ വിവാദമായിരുന്നു.

കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്താണ് ആലപ്പുഴയിലെ തീരദേശത്തു കരിമണല്‍ ഖനനാനത്തിന് സി.എം.ആര്‍.എല്‍ ശ്രമം നടത്തിയത്. എന്നാല്‍ അതിനെ സി.പി.ഐ.എം ശക്തമായി എതിര്‍ക്കുകയായിരുന്നു. അതേസമയം അന്നു സി.ഐ.ടി.യു നേതാവായിരുന്ന ഇപ്പോഴത്തെ വ്യവസായ മന്ത്രി എളമരം കരീമാണ് കര്‍ത്തയെ പത്മശ്രീക്ക് ശിപാര്‍ശ ചെയ്യുന്നതിന് വേണ്ടി വാദിച്ചവരില്‍ പ്രമുഖന്‍. കഴിഞ്ഞ തവണ കേരള സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചിരുന്നില്ല.

കഴിഞ്ഞ മാസം ഒടുവിലാണ് പത്മപുരസ്‌കാരങ്ങള്‍ സംബന്ധിച്ച ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ ദല്‍ഹിക്ക് അയച്ചത്. പതിവിലും വലിയ ലിസ്റ്റാണ് ഇക്കുറി കേരളം സമര്‍പ്പിച്ചിരിക്കുന്നത്. കര്‍ത്തയുടെ പേര് കഴിഞ്ഞ വര്‍ഷത്തെ ശുപാര്‍ശാ ലിസ്റ്റില്‍ ആദ്യം ഉള്‍പ്പെടുത്തിയിരുന്നില്ല. മന്ത്രിസഭഭാ യോഗം അംഗീകരിച്ച ലിസ്റ്റില്‍ കൂട്ടിച്ചേര്‍ക്കല്‍ വരുത്തി കര്‍ത്തയെക്കൂടി ഉള്‍പ്പെടുത്താന്‍ മന്ത്രി എളമരം കരീം ശക്തമായി ഇടപെടുകയായിരുന്നു. മറ്റു മന്ത്രിമാരില്‍ പലരും എതിര്‍ത്തെങ്കിലും ലിസ്റ്റ് മന്ത്രിസഭ അംഗീകരിച്ച് ദല്‍ഹിക്ക് അയച്ചു. കഴിഞ്ഞ ഒക്‌ടോബര്‍ ഏഴിനായിരുന്നു ഇത്.

ഇതിനു ശേഷമുണ്ടായ മന്ത്രിസഭാ യോഗത്തില്‍ കര്‍ത്തയെ അനുകൂലിച്ചും എതിര്‍ത്തും വാദങ്ങളുണ്ടായി. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രിയോട് ഇതെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും അദ്ദേഹം ഒഴിഞ്ഞു മാറുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം കൊല്ലത്തെ പ്രമുഖ വ്യവസായി ഡോ. രവി പിള്ളയ്ക്ക് പത്മ പുരസ്‌കാരം നേടിക്കൊടുക്കാന്‍ രംഗത്തുണ്ടായിരുന്ന, കേന്ദ്രത്തില്‍ സ്വാധീനമുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാവും കര്‍ത്തയ്ക്കുവേണ്ടി ഇത്തവണ ശ്രമിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരില്‍ നിന്നു ശുപാര്‍ശയായി കേന്ദ്രസര്‍ക്കാരിനു ലഭിച്ചാല്‍ കാര്യം കൂടുതല്‍ എളുപ്പമാകുമെന്ന് ഈ നേതാവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ കര്‍ത്തയെ ഉപദേശിച്ചതായാണു സൂചന. അങ്ങനെയാണു രണ്ടാംതവണയും അദ്ദേഹം കേരളത്തിന്റെ ലിസ്റ്റില്‍ കയറിപ്പറ്റിയതെന്നാണ് വിവരം.