ന്യൂദല്‍ഹി: ഒരു ഇടവേളക്ക് ശേഷം ശശി തരൂര്‍ വീണ്ടും വാര്‍ത്തയില്‍ ഇടം തേടുന്നു. ഇത്തവണ കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ടാണ് വിവാദങ്ങളുടെ തോഴനായ തരൂര്‍ വാര്‍ത്തകളില്‍ നിറയുന്നത്.

ഗെയിംസ് പ്രചാരണത്തിനായി തരൂര്‍ 13.5 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് കംപ്‌ട്രോളര്‍ ആന്‍ന്റ് ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തിയിരിക്കുന്നത്. ഗെയിംസ് ക്രമക്കേടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായുള്ള റിപ്പോര്‍ട്ടാണ് പുറത്തായത്. തരൂരിന്റെ അന്താരാഷ്ട്ര പ്രശസ്തി ഗെയിംസ് പ്രചരണത്തിനായി സംഘാടക സമിതി ഉപയോഗിച്ചിരുന്നു. ഇതിന് തരൂറിനെ ദുബൈ ഓഫീസിലേക്ക് ക്ഷണിക്കുകയും ചെയ്തു.

ഇങ്ങനെ 12 ദിവസങ്ങളിലായി നല്‍കിയ ‘സേവന’ ത്തിന് 13.5 ലക്ഷംരൂപ കൈപ്പറ്റിയതായാണ് സി.എ.ജി കണ്ടെത്തിയത്. എന്നാല്‍ ഗെയിംസ് സംഘാടക സമിതി കണ്‍സല്‍ട്ടന്റെ എന്ന നിലയില്‍ മാത്രമാണ് താന്‍ പ്രവര്‍ത്തിച്ചതെന്ന് തരൂര്‍ പ്രതികരിച്ചു. ഈ കാലയളവില്‍ സര്‍ക്കാര്‍ പദവി വഹിക്കാത്തതിനാല്‍ കണ്‍സല്‍ട്ടന്‍സി ഫീസായാണ് താന്‍ തുക സ്വീകരിച്ചതെന്നാണ് ശശി തരൂര്‍ വിശദീകരിക്കുന്നത്.

ആകെ 12 ദിവസമാണ് തരൂര്‍ മീറ്റിംഗുകളില്‍ പങ്കെടുത്തത്. 2008 സെപ്റ്റംബര്‍, ഒക്‌ടോബര്‍ മാസങ്ങളില്‍ നാലു ദിവസം വീതം തരൂര്‍ സംഘാടക സമിതി മീറ്റിങ്ങില്‍ പങ്കെടുത്തിരുന്നു. 2009 ജനുവരിയില്‍ വീണ്ടും നാലു ദിവസം കൂടി പങ്കെടുത്തു. 1,12,500 രൂപയായിരുന്നു ഒരു ദിവസത്തെ വേതനം. സ്വകാര്യ ബാങ്കിന്റെ ദുബായ് ബ്രാഞ്ചില്‍ നിന്നാണ് പണം കൈപ്പറ്റിയിരുന്നത്- റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ശശി തരൂരിന് പണം നല്‍കിയത് നിയമവിരുദ്ധമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല.