ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ കൂട്ടമാനഭംഗത്തിനിരയായ ശേഷം മരണമടഞ്ഞ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തമെന്ന് കേന്ദ്രമന്ത്രി ശശി തരൂര്‍. ട്വിറ്ററിലാണ് തരൂര്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

Ads By Google

എന്നാല്‍ തരൂരിന്റെ ട്വിറ്റര്‍ പരാമര്‍ശത്തോട് എതിര്‍പ്പുമായി ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. വീട്ടുകാര്‍ക്ക് എതിര്‍പ്പില്ലെങ്കില്‍ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തണമെന്നും ബലാത്സംഗ കേസുകളിലെ പ്രതികള്‍ക്ക് കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമസഭ ഭേദഗതി ബില്ലിന് മരിച്ച പെണ്‍കുട്ടിയുടെ പേര് നല്‍കണമെന്നുമാണ് തരൂര്‍ ട്വിറ്ററില്‍ കുറിച്ചത്.

ദല്‍ഹി യുവതി പേരുള്ള ഒരു മനുഷ്യ സ്ത്രീ തന്നെയാണ്. പ്രതീകം മാത്രമല്ല. പിന്നെ എന്തിന് അവരുടെ വ്യക്തിത്വം മറച്ചുവെയ്ക്കണം. കുട്ടിയെ ആദരിക്കുകയാണ് നാം ചെയ്യേണ്ടത്.

അതേസമയം തരൂരിന്റെ പരാമര്‍ശനത്തിനെതിരെ ദേശീയ വനിതാ കമ്മീഷന്‍ രംഗത്തെത്തിയിട്ടുണ്ട്. പേര് വെളിപ്പെടുത്തുന്നത് ഉചിതമല്ലെന്നും വലിയ തോതില്‍ എതിര്‍പ്പ് നേരിടേണ്ടി വരുമെന്നും അധ്യക്ഷ മമതാ ശര്‍മ പറഞ്ഞു.

ഇന്ത്യന്‍ നിയമമനുസരിച്ച് ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ പേര് വിവരങ്ങള്‍ പുറത്ത് വിടാന്‍ കഴിയില്ല. ദല്‍ഹി പെണ്‍കുട്ടിയുടെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തിയതിന് കഴിഞ്ഞ ദിവസം രണ്ട് ഇംഗ്ലീഷ് ദിനപത്രത്തിനെതിരെ ദല്‍ഹി പോലീസ് കേസ് എടുത്തിരുന്നു.